റേഷൻ മസ്റ്ററിങ് നടത്തിയത് ഒരു കോടിയിലേറെപ്പേർ
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകളായ മഞ്ഞ, പിങ്ക് എന്നിവയിലെ 1.53 കോടി അംഗങ്ങളിൽ 1.05 കോടിയിൽ പരം പേർ (68.5%) ഇതുവരെ മസ്റ്ററിങ് നടത്തി. 48 ലക്ഷത്തിൽപരം പേർ കൂടി മസ്റ്ററിങ് നടത്തിയാലേ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം എട്ടിനു മസ്റ്ററിങ് പൂർത്തിയാകൂ. സമയം നീട്ടിനൽകണമെന്ന് വ്യാപാരികളുടെ സംഘടനകൾ ആവശ്യപ്പെട്ടു.
ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിന്റെ ഭാഗമായി (ഇ–കൈവൈസി) മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻ കടകളിലെത്തി ഇ പോസ് യന്ത്രങ്ങളിൽ വിരൽ പതിപ്പിച്ച് ബയോ മസ്റ്ററിങ് നടത്തണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ്.
കിടപ്പുരോഗികൾ, വിരലടയാളത്തിലൂടെ ബയോ മെട്രിക് വിവരങ്ങൾ പതിയാത്തവർ, 10 വയസ്സിനു താഴെയുള്ള കുട്ടികൾ എന്നിവരുടെ മസ്റ്ററിങ് നടത്താൻ പ്രത്യേക സംവിധാനം ഇനിയും ആരംഭിച്ചിട്ടില്ല. താലൂക്ക് സപ്ലൈ ഓഫിസുകളിൽ അറിയിച്ചാൽ കിടപ്പുരോഗികളുടെ വീട്ടിലെത്തുമെന്ന് അധികൃതർ പറഞ്ഞു. ചില റേഷൻ വ്യാപാരികൾ കണ്ണിലെ കൃഷ്ണമണി സ്കാൻ ചെയ്യാൻ ഐറിസ് സ്കാനർ ഉപയോഗിക്കുന്നുണ്ടെങ്കിലും വില കൂടുതലായതിനാൽ എല്ലാവർക്കും വാങ്ങാനാകില്ല.
മസ്റ്ററിങ് നടപടികൾ അക്ഷയ കേന്ദ്രങ്ങൾ വഴി നടത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഹൈദരാബാദിലെ എഇപിഡിഎസ് സെർവറിലെ വിവരങ്ങൾ അക്ഷയ കേന്ദ്രങ്ങളുമായി പങ്കുവയ്ക്കാൻ സാങ്കേതിക പ്രയാസങ്ങൾ ഉണ്ടെന്നാണ് വിശദീകരണം.