ADVERTISEMENT

തിരുവനന്തപുരം ∙ ഫോൺ ചോർത്തൽ ആരോപണത്തിൽ എം.ആർ.അജിത്കുമാറിനു ക്ലീൻചിറ്റ് നൽകിയ മുഖ്യമന്ത്രി, പി.വി.അൻവർ ഫോൺ ചോർത്തിയെന്ന വിഷയം ഗൗരവമുള്ളതെന്നും കേസെടുത്തെന്നും നിയമസഭയിൽ അറിയിച്ചു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോൺ സംഭാഷണം പൊലീസ് ഉദ്യോഗസ്ഥൻ ചോർത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു മറുപടി. ഇക്കാര്യത്തിൽ ഗവർണർ കത്തു നൽകിയതു മാധ്യമവാർത്തകളെത്തുടർന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഭരണാധികാരികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോൺ ചോർത്തിയതായി എംഎൽഎ വെളിപ്പെടുത്തിയതു ഗൗരവത്തോടെ കാണുന്നുവെന്നും കോട്ടയം കറുകച്ചാലിൽ ലഭിച്ച പരാതിയിൽ കേസെടുത്തെന്നും അറിയിച്ചു. 

പൊതു അടിയന്തരാവസ്ഥ, പൊതുസുരക്ഷയുടെ താൽപര്യം, രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സംസ്ഥാനത്തിന്റെ സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധം എന്നിവയുമായി ബന്ധപ്പെട്ടും കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തടയുന്നതിന് ആവശ്യമെന്നു ബോധ്യപ്പെട്ടാലും ഫോൺ സന്ദേശം നിരീക്ഷിക്കാൻ നിയമപരമായി കഴിയും. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ വിവരം ശേഖരിച്ച് നിശ്ചിത മാതൃകയിൽ തയാറാക്കിയ അപേക്ഷ ആഭ്യന്തര സെക്രട്ടറിക്കു നൽകണം.

അനുവാദം ലഭിച്ചശേഷം നിരീക്ഷിക്കാം. അടിയന്തര സാഹചര്യങ്ങളിൽ ഇവരുടെ ഫോൺ 7 ദിവസത്തേക്കു നിരീക്ഷിക്കാൻ ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് അനുമതി നൽകാനാകും. 7 ദിവസത്തിനകം ആഭ്യന്തര സെക്രട്ടറിയുടെ അനുമതി നേടിയാലേ ഇതു തുടരാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പൊലീസ് സേനയുടെ തലപ്പത്തു കള്ളൻമാരും കൊലപാതകികളുമുണ്ടെന്നു ‘ഭരണകക്ഷിയിൽപെട്ട നിയമസഭാംഗം’ പരാതി നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, ‘ഒരു നിയമസഭാംഗം’ പരാതി നൽകിയിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പരാതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. 

English Summary:

Chief Minister allegates against PV Anwar in assembly for leaking phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com