ADVERTISEMENT

കൊച്ചി∙ കുണ്ടന്നൂരിലെ ഹോട്ടലിൽ നിന്നു മരട് പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാ‍ഡും കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ ഗുണ്ട തിരുവനന്തപുരം വലിയതുറ സ്വദേശി ഓംപ്രകാശും(45) കൊല്ലം കൊട്ടാരക്കര പേരൂർ സ്വദേശി ഷിഹാസും(56) നഗരത്തിലെ നിശാ പാർട്ടികൾക്കു സ്ഥിരമായി ലഹരി പദാർഥങ്ങൾ എത്തിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തി. 

കൊച്ചിയിൽ ഇവർ സ്ഥിരമായി സന്ദർശിക്കുന്ന മുതിർന്ന രണ്ടു പൊലീസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. ഫോണിലും നേരിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥർ ഓംപ്രകാശുമായി അടുപ്പം പുലർത്തുന്നതിന്റെ വിവരം രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചിട്ടുണ്ട്.

നഗരത്തിലെ 4 ആഡംബര ഫ്ലാറ്റുകളും കുണ്ടന്നൂർ, ഫോർട്ട്കൊച്ചി, കാക്കനാട് എന്നിവിടങ്ങളിലെ ഹോട്ടലുകളും കേന്ദ്രീകരിച്ച് ഇവർ ലഹരി പാർട്ടികൾ സംഘടിപ്പിക്കുന്നതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. കോവിഡ് കാലത്തു പോലും നഗരത്തിലെ ഒരു ആഡംബര ഫ്ലാറ്റിൽ ഇവർ ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന സംഗീത പരിപാടിക്ക് എത്തുന്ന ഇടപാടുകാർക്കു വേണ്ടി കൊക്കെയ്നും ഇന്ത്യൻ നിർമിത വിദേശമദ്യവുമായി എത്തിയതാണെന്നാണു രണ്ടു പേരും പൊലീസിനോടു വെളിപ്പെടുത്തിയത്. കുണ്ടന്നൂരിലെ ഹോട്ടൽ മുറിയിൽ ഇവരെ സന്ദർശിച്ച സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരടക്കം 20 പേരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു.

അടുത്ത ദിവസങ്ങളിൽ ഇവരുടെ മൊഴി രേഖപ്പെടുത്തും. ഹോട്ടലിലെ ക്യാമറയിൽ നിന്ന് ഇവരുടെ ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊഴികൾ പ്രത്യേകം രേഖപ്പെടുത്തും. ശ്രീനാഥിനെയും പ്രയാഗയെയും ഓംപ്രകാശിന്റെ ഹോട്ടൽ മുറിയിൽ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.

പ്രതികൾ തങ്ങിയ ഹോട്ടൽമുറിയിൽ നിന്നു കൊക്കെയ്ൻ തരികൾ അടങ്ങിയ പ്ലാസ്റ്റിക് കവറും 4 ലീറ്റർ മദ്യവും പൊലീസ് പിടിച്ചെടുത്തു. പ്ലാസ്റ്റിക് കവറിലെ ലഹരി പദാർഥം പ്രതികൾ വെളിപ്പെടുത്തിയ പോലെ കൊക്കെയ്ൻ തന്നെയാണെന്നു പരിശോധനയിൽ ബോധ്യപ്പെട്ടെങ്കിലും പ്രതികളുടെ ദേഹവും മുറിയും പരിശോധിച്ചപ്പോൾ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാനുള്ള അളവിൽ ലഹരി പദാർഥം കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേത്തുടർന്നു കോടതി പ്രതികൾക്കു ജാമ്യം അനുവദിച്ചു.

കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം സിനിമാ താരങ്ങളെയും ഓം പ്രകാശിന്റെ മുറിയിലെത്തി മടങ്ങിയ മറ്റുള്ളവരെയും വിശദമായി ചോദ്യം ചെയ്യും. ബോൾഗാട്ടിയിൽ നടന്ന ഡിജെ പാർട്ടി സംബന്ധിച്ചും അന്വേഷണം നടത്തും. ഹോട്ടൽ മുറിയിൽ നിന്നു ശേഖരിച്ച ലഹരി വസ്തുക്കൾ രാസ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്ന മുറയ്ക്കു കൂടുതൽ നടപടികൾ ഉണ്ടാകും. സംഭവത്തിന്റെ എല്ലാ വശങ്ങളും പൊലീസ് അന്വേഷിച്ചു തുടർ നടപടിയെടുക്കും.-കെ.എസ്.സുദർശൻ, സിറ്റി ഡിസിപി

English Summary:

Omprakash and Shihas regularly delivered drugs to parties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com