ADVERTISEMENT

കൊച്ചി ∙ ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ചു മന്ത്രി സജി ചെറിയാൻ പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രസംഗിച്ചെന്ന കേസിൽ അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി പൊലീസിനു നിർദേശം നൽകി. മന്ത്രിയുടെ ചില പരാമർശങ്ങളിൽ ഭരണഘടനയോടുള്ള അനാദരവുണ്ടെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്ന് ഹർജി പരിഗണിക്കവെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ പറഞ്ഞു. ഭരണഘടന, ദേശീയ പതാക, ദേശീയ ചിഹ്നങ്ങൾ ഉൾപ്പെടെയുള്ളവയെ അവഹേളിക്കുന്നതു തടഞ്ഞുള്ള നാഷനൽ ഓണർ ആക്ടിന്റെ 2003ലെ ഭേദഗതി പ്രകാരം, പ്രസംഗത്തിലെ ചില വാചകങ്ങൾ ഭരണഘടനയോടുള്ള അനാദരവായി സംശയിക്കാമെന്നാണ് കോടതി പറഞ്ഞത്.

പ്രസംഗത്തിൽ ഭരണഘടനാ ലംഘനമില്ലെന്ന പൊലീസിന്റെ അന്തിമ റിപ്പോർട്ട് റദ്ദാക്കി സിബിഐയ്ക്ക് അന്വേഷണം കൈമാറണമെന്ന് ആവശ്യപ്പെട്ട് അഡ്വ. എം.ബൈജു നോയൽ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. സാക്ഷി മൊഴികൾ പോലും രേഖപ്പെടുത്താതെയാണ് അന്തിമ റിപ്പോർട്ട് നൽകിയതെന്നും സജി ചെറിയാന്റെ ശബ്ദ സാംപിളെടുത്തില്ലെന്നും പ്രസംഗം അടങ്ങുന്ന പെൻഡ്രൈവിന്റെ ഫൊറൻസിക് പരിശോധനയുടെ റിപ്പോർട്ട് പൊലീസിനു കിട്ടിയിട്ടില്ലെന്നും ഹർജിയിൽ അറിയിച്ചിരുന്നു. 

എന്നാലിത് തെറ്റാണെന്നു സർക്കാർ അറിയിച്ചു. പെൻഡ്രൈവ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നായിരുന്നു സർക്കാർ വാദം. അപ്പോൾ എങ്ങനെയാണ് അന്വേഷണം പൂർത്തിയാക്കിയതെന്ന് കോടതി ആരാഞ്ഞു. എന്നാൽ ഫൊറൻസിക് റിപ്പോർട്ട് അനിവാര്യമല്ലെന്ന് സർക്കാരിനായി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വിശദീകരിച്ചു. മന്ത്രിയുടെ രണ്ടരമണിക്കൂർ പ്രസംഗത്തിൽ സാന്ദർഭികമായി പറഞ്ഞ കാര്യങ്ങളാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നതെന്നും അറിയിച്ചു.ഹർജി 23ന് വീണ്ടും പരിഗണിക്കും.

English Summary:

Saji Cherian's speech: High Court to produce case diary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com