‘ആർഎസ്എസിനെ കൂട്ടുപിടിച്ച് ഭരണം നിലനിർത്താനുള്ള നീക്കം തീക്കളി’: അടിയന്തര പ്രമേയ ചർച്ചയിൽ സതീശൻ
Mail This Article
തിരുവനന്തപുരം ∙ ആർഎസ്എസ് പിന്തുണയോടെ എംഎൽഎ ആയ ആളാണ് പിണറായി വിജയനെന്നും വീണ്ടും അവരെ കൂട്ടുപിടിച്ച് ഭരണം നിലനിർത്താനുള്ള നീക്കം തീക്കളിയാണെന്നും അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
‘‘ മാസ്കറ്റ് ഹോട്ടലിൽ ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ നിങ്ങൾ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയില്ലേയെന്ന് ഇൗ സഭയിൽ ചോദിച്ചപ്പോൾ, സാധാരണ ചാടി എഴുന്നേൽക്കാറുള്ള മുഖ്യമന്ത്രി തല കുനിച്ചിരുന്നു. ഇതുവരെ നിഷേധിച്ചിട്ടില്ല. അൻവർ എനിക്കെതിരെ ഉന്നയിച്ച 150 കോടി അഴിമതി ആരോപണം തള്ളിക്കളയുന്നുണ്ടോയെന്നു ഭരണപക്ഷം ചോദിച്ചു. മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ അൻവർ അന്നു പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിക്കുമോ? അൻവറിനെക്കൊണ്ട് മുഖ്യമന്ത്രിയാണു മൂന്നാംകിട ആരോപണം ഉന്നയിപ്പിച്ചത്. എനിക്കെതിരെ ആരോപണം ഉന്നയിച്ച അതേ അൻവർ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ സന്തോഷിക്കുന്നത് ഞാനാണ്’’– സതീശൻ പറഞ്ഞു.
‘‘ഗോൾവാൾക്കറുടെ മുന്നിൽ ഞാൻ നിൽക്കുന്ന ചിത്രം ആർഎസ്എസ് പ്രചരിപ്പിക്കുന്നതാണ്. കെ.കെ.ശൈലജയുടെ ചിത്രവും പ്രചരിക്കുന്നുണ്ട്. ഞാൻ ആർഎസ്എസിന്റെ ഗണേശോത്സവം ഉദ്ഘാടനം ചെയ്‌തെന്നു നിങ്ങൾ പ്രചരിപ്പിച്ചു. എറണാകുളം ശിവക്ഷേത്രം സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലേ? 2018 ൽ ഗണേശോത്സവം ഉദ്ഘാടനം ചെയ്തത് അന്നു മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ്. ഇഎംഎസ് കെ.ജി.മാരാർക്ക് ബാഡ്ജ് കുത്തിക്കൊടുക്കുന്ന പടം എന്റെ കയ്യിലുണ്ട്. ശിവദാസ മേനോന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അഡ്വാനി പ്രസംഗിക്കുന്ന പടവുമുണ്ട് ’’– സതീശൻ പറഞ്ഞു.
∙ എൻ.ഷംസുദ്ദീൻ (ലീഗ്): മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത്. വയനാട്ടിൽ വൽസൻ തില്ലങ്കേരിയെ കണ്ടതിനു ശേഷം എഡിജിപി അവിടെ ഒരു ഹോട്ടൽ പൂട്ടിച്ചു. കോഴിക്കോട് വിമാനത്താവളം വഴി സ്വർണവും ഹവാലപ്പണവും വരുന്നെന്നും ഇൗ പണം മലപ്പുറത്ത് ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നെന്നുമാണ് മുഖ്യമന്ത്രി പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. മലപ്പുറത്ത് എന്ത് ദേശവിരുദ്ധ പ്രവർത്തനമാണ് നടക്കുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം.
∙ മോൻസ് ജോസഫ് (കേരള കോൺഗ്രസ്): എഡിജിപിക്കെതിരെ അടിയന്തരമായ നടപടിയിലേക്കു പോകുന്നതിനു പകരം പരമാവധി സംരക്ഷണമാണു സർക്കാർ നൽകിയത്. ശക്തമായി ആർഎസ്എസിനൊപ്പം നിന്നിട്ടുള്ള പാർട്ടിയാണു സിപിഎമ്മെന്നു ചരിത്രം പരിശോധിച്ചാൽ ബോധ്യമാകും.
∙ അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്): എഡിജിപി പല പ്രാവശ്യം ആർഎസ്എസ് നേതാക്കളെ കണ്ടിട്ടും യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. ഇപ്പോഴാകട്ടെ കൂടുതൽ സൗകര്യപ്രദമായ സ്ഥാനം നൽകി അദ്ദേഹത്തെ സംരക്ഷിക്കുന്നു.
∙ കെ.കെ.രമ (ആർഎംപി): ആർഎസ്എസ്– സിപിഎം രഹസ്യബാന്ധവത്തിന്റെ ഇടനിലക്കാരനാണ് എഡിജിപി. ഇപ്പോൾ നടക്കുന്ന അന്വേഷണം കാപട്യമാണ്. സിപിഎമ്മിന്റെ ഒരേയൊരു മുഖ്യമന്ത്രിയായ പിണറായി വിജയൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മറ്റൊരു സംസ്ഥാനത്തും പോയി പ്രസംഗിക്കാതിരുന്നത് നരേന്ദ്ര മോദിയെ പ്രീണിപ്പിക്കാനാണ്.