പ്രതിപക്ഷത്തിന്റെ പരിപ്പ് വേവില്ല: മന്ത്രി എം.ബി.രാജേഷ്
Mail This Article
തിരുവനന്തപുരം ∙ സിപിഎമ്മിനെ മലപ്പുറം വിരുദ്ധരാക്കി മാറ്റാമെന്ന പ്രതിപക്ഷത്തിന്റെ പരിപ്പ് വേവില്ലെന്നു മന്ത്രി എം.ബി.രാജേഷ്. മലപ്പുറത്തിനെതിരെ നിലപാടെടുത്തവരുടെ വണ്ടിയിലാണ് മുസ്‌ലിം ലീഗ് ഇപ്പോൾ സഞ്ചരിക്കുന്നതെന്ന് അടിയന്തരപ്രമേയ ചർച്ചയിൽ അദ്ദേഹം ആരോപിച്ചു.
മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ചെരിപ്പു തേഞ്ഞു പ്രകടനം നടത്തിയവരാണു കോൺഗ്രസുകാർ. അഭിമുഖത്തിലെ വിവാദഭാഗം മുഖ്യമന്ത്രി പറഞ്ഞതല്ലെന്ന് ദ് ഹിന്ദു ദിനപത്രം വ്യക്തമാക്കിയിട്ടുണ്ട്. കമ്യൂണിസ്റ്റുകാർ മുസ്‌ലിംകൾക്കെതിരാണെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നു. ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ മലപ്പുറത്ത് കേസുകളുടെ എണ്ണം കുറവാണ്. മലപ്പുറം മുസ്‌ലിംകളുടെ മാത്രം ജില്ലയാണെന്നത് സംഘപരിവാർ പ്രചാരണമാണ്. നാട് കപട മതനിരപേക്ഷതയുടെ പിടിയിലാണെന്ന് ആർഎസ്എസ് നേതാവിന്റെ പുസ്തകപ്രകാശനച്ചടങ്ങിൽ വി.ഡി.സതീശൻ പറഞ്ഞിട്ടുണ്ടെന്നും രാജേഷ് കുറ്റപ്പെടുത്തി.
തൃശൂരിൽ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പുസ്തകപ്രകാശനച്ചടങ്ങിലാണു താൻ പങ്കെടുത്തതെന്നും അതേ പുസ്തകം തിരുവനന്തപുരത്തു പ്രകാശനം ചെയ്തത് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണെന്നും സതീശൻ പ്രതികരിച്ചു. ചോദ്യങ്ങൾക്കു മറുപടി നൽകാത്തതിനാൽ വോക്കൗട്ട് നടത്തുന്നുവെന്നറിയിച്ച് സതീശൻ നടത്തിയ പ്രസംഗം ഭരണപക്ഷം തടസ്സപ്പെടുത്തിയത് രൂക്ഷമായ വാക്പോരിൽ കലാശിച്ചു.
ചർച്ചയിൽ പങ്കെടുത്ത ഭരണപക്ഷ എംഎൽഎമാരുടെ വാക്കുകൾ:
∙ പി.നന്ദകുമാർ (സിപിഎം) – ഇഎംഎസിനെതിരെ സംഘപരിവാറുകാരനെ മത്സരിപ്പിച്ചതു മുതൽ തുടങ്ങിയതാണു പ്രതിപക്ഷത്തിന്റെ ആർഎസ്എസ് ബന്ധം. ഒരു സുപ്രഭാതത്തിൽ ഇവിടേക്കു കയറിവന്നയാളല്ല മുഖ്യമന്ത്രി പിണറായി വിജയൻ.
∙ കെ.വി.സുമേഷ് (സിപിഎം) – ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്റെ തണലിലല്ല കേരളത്തിൽ സിപിഎമ്മും ഇടതുപക്ഷവും വളർന്നത്. എൽഡിഎഫിന്റെ പൊലീസ് നയം അട്ടിമറിക്കാൻ ഏത് ഉദ്യോഗസ്ഥൻ ശ്രമിച്ചാലും അനുവദിക്കില്ല.
∙ സെബാസ്റ്റ്യൻ കുളത്തുങ്കൽ (കേരള കോൺഗ്രസ് എം) – പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ മോഷണവസ്തു മറ്റൊരാളുടെ പോക്കറ്റിലിട്ട് രക്ഷപ്പെടുന്ന പോക്കറ്റടിക്കാരന്റെ തന്ത്രമാണ് പ്രതിപക്ഷം പയറ്റുന്നത്. ആർഎസ്എസ് വിരുദ്ധ രാഷ്ട്രീയത്തെ ദുർബലപ്പെടുത്താനാണ് യുഡിഎഫിന്റെ ശ്രമം.
∙ തോമസ് കെ.തോമസ് (എൻസിപി) – എഡിജിപിയെ ലക്ഷ്യമിടുന്ന പ്രതിപക്ഷത്തിന്റെ യഥാർഥ ഉന്നം മുഖ്യമന്ത്രിയാണ്. ഉമ്മാക്കി കാണിച്ച് പിണറായിയെ പേടിപ്പിക്കേണ്ട.
∙ വി.ജോയ് (സിപിഎം) – മുഖ്യമന്ത്രിയെ 25 – 30 വർഷമായി പ്രതിപക്ഷം വേട്ടയാടുകയാണ്. പ്രതിപക്ഷ നേതാവ് കോൺഗ്രസിൽ ഏതെങ്കിലും ഘടകത്തിന്റെ പ്രധാന ഭാരവാഹിത്വം വഹിച്ചിട്ടുണ്ടോ? കുത്തിത്തിരിപ്പുണ്ടാക്കി രമേശ് ചെന്നിത്തലയെ അട്ടിമറിച്ചയാളാണു സതീശൻ.