ശബരിമല: കൂടുതൽ ഭക്തരെ അനുവദിക്കണം, സ്പോട് ബുക്കിങ്ങും വേണം; ആവശ്യമുയർത്തി സംഘടനകൾ
Mail This Article
തിരുവനന്തപുരം ∙ ശബരിമലയിൽ പ്രതിദിനം ദർശനത്തിന് 80,000 ഭക്തരെന്ന പരിധി വർധിപ്പിക്കണമെന്ന് ആവശ്യം. തിരക്കു നിയന്ത്രിക്കാൻ പരിശീലനം സിദ്ധിച്ച പ്രത്യേക കേന്ദ്ര സേനയെ 2 വർഷം മുൻപു വരെ സന്നിധാനത്തും പതിനെട്ടാം പടിയിലും നിയോഗിച്ചിരുന്നു. മിനിറ്റിൽ 90–95 ഭക്തരെ വീതം കയറ്റിവിടാനും സാധിച്ചിരുന്നു. കേന്ദ്രസേനയെ നിയോഗിച്ചാൽ ഭക്തരുടെ എണ്ണം കൂട്ടാനാകുമെന്നു ദേവസ്വം ബോർഡിലെ ജീവനക്കാരുടെ ചില സംഘടനകൾ ചൂണ്ടിക്കാട്ടി.
വെർച്വൽ ബുക്കിങ്ങിലെ പ്രധാന പ്രതിസന്ധി ഇന്റർനെറ്റ് തകരാർ ആണ്. ഒട്ടേറെപ്പേർ ഒരേ സമയം ബുക്കിങ്ങിനു ശ്രമിക്കുന്നതിനാൽ വെബ്സൈറ്റ് പ്രവർത്തനരഹിതമായ അനുഭവമുണ്ട്. ഇത് ഇതരസംസ്ഥാനങ്ങളിലെ ഗ്രാമീണ പ്രദേശങ്ങളിൽ നിന്നെത്തുന്നവരെയാണ് പ്രതികൂലമായി ബാധിക്കുക. സാങ്കേതിക തടസ്സങ്ങൾ മൂലം വെർച്വൽ ബുക്കിങ് നടത്താനാവാതെ തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവർക്ക് സ്പോട് ബുക്കിങ് അനുഗ്രഹമായിരുന്നു.
കുമളി, എരുമേലി, മുണ്ടക്കയം, ആലുവ, ഏറ്റുമാനൂർ. ചെങ്ങന്നൂർ, പന്തളം, നിലയ്ക്കൽ, പമ്പ, കൊട്ടാരക്കര എന്നിവിടങ്ങളിൽ മുൻവർഷങ്ങളിൽ സ്പോട് ബുക്കിങ് സൗകര്യം ഉണ്ടായിരുന്നു. നിലയ്ക്കലിൽ പത്തും പമ്പയിൽ അഞ്ചും കൗണ്ടറുകൾ പ്രവർത്തിച്ചിരുന്നു. ഇവയെല്ലാം ഒറ്റയടിക്കു നിർത്തുന്നത് വലിയ പ്രയാസമുണ്ടാക്കും. നിലയ്ക്കലിൽ പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിച്ച സാഹചര്യത്തിൽ ഭക്തരുടെ എണ്ണം വർധിക്കാനാണ് സാധ്യത. സ്പോട് ബുക്കിങ് സംവിധാനം തിരികെ കൊണ്ടുവന്നില്ലെങ്കിൽ പ്രക്ഷോഭത്തിന് തയാറെടുക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം.