ADVERTISEMENT

കാട്ടാക്കട(lതിരുവനന്തപുരം)∙ നൂറു കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്ന കണ്ടല സർവീസ് സഹകരണ  ബാങ്കിന്റെ  മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗനു മേൽ ചുമത്തിയ 5 .11 കോടി  രൂപയുടെ സർചാർജ് ഈടാക്കാനുള്ള നടപടിയിലേക്ക്  സഹകരണ വകുപ്പ് . പത്തു മാസത്തിലേറെയായി ജയിലിലുള്ള ഭാസുരാംഗന്റെ വാദം കേൾക്കാൻ അനുമതി തേടി വകുപ്പ് ജോയിന്റ് റജിസ്ട്രാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ അപേക്ഷ നൽകി. കേസിലുൾപ്പെട്ട മറ്റുള്ളവരുടെ ഹിയറിങ് പൂർത്തിയായിട്ട് മാസങ്ങളായി. 

ബാങ്ക് ഭരണ സമിതി അംഗങ്ങൾക്കും സെക്രട്ടറിമാർക്കുമെതിരെ ബഡ്സ് ആക്ട് അനുസരിച്ച് റിക്കവറി നടപടിക്ക് ഉത്തരവായിരുന്നു. മുൻ ഭരണ സമിതി അംഗങ്ങൾ, സെക്രട്ടറിമാർ എന്നിവർ അടക്കം  21 പേരുടെ വസ്തുവകകൾ, വാഹനങ്ങൾ, നിക്ഷേപങ്ങൾ എന്നിവ പിടിച്ചെടുക്കാനും ഇടപാടുകൾ മരവിപ്പിക്കാനുമാണ് നിർദേശം. ഇവ ലേലം ചെയ്ത് നിക്ഷേപകരുടെ തുക തിരികെ നൽകുന്നതിനുള്ളതാണ് ബഡ്സ് ആക്ട് (ബാനിങ് ഓഫ് അൺ റഗുലേറ്റഡ് ഡിപ്പൊസിറ്റ് സ്കീം). പ്രതികളുടെ ഭൂമി  വിവരങ്ങൾ കൈമാറാൻ തഹസിൽദാർമാർക്ക് കലക്ടർ നിർദേശം നൽകി. ഇവയുടെ വിൽപന മരവിപ്പിക്കാൻ സബ് റജിസ്ട്രാർമാർക്കും നിർദേശമുണ്ട്. സഹകരണ ബാങ്കിന്റെ  വസ്തുവകകളും കണ്ടുകെട്ടാൻ ജോ.റജിസ്ട്രാറുടെ  ഉത്തരവിൽ പറയുന്നെങ്കിലും ബാങ്കിന്റെ പ്രവർത്തനം നടക്കുന്നതിനാൽ  അക്കൗണ്ട് മരവിപ്പിച്ചിട്ടില്ല. 1.8 ഏക്കർ ബാങ്കിന് സ്വന്തമായുണ്ട്.‌

അംഗീകാരമില്ലാത്ത നിക്ഷേപപദ്ധതികൾ

∙ നിക്ഷേപ തുക തിരികെ നൽകാത്തത് സംബന്ധിച്ച 62 കേസുകളുടെ അന്വേഷണത്തിലാണ് ബാങ്ക് വാഗ്ദാനം ചെയ്ത നിക്ഷേപ പദ്ധതികൾക്ക് സഹകരണ സംഘം റജിസ്ട്രാറുടെ അംഗീകാരം ഇല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുന്നത്. കേസിലുൾപ്പെട്ടവരിൽ വിവിധ കാലങ്ങളിൽ ഭരണ സമിതി അംഗങ്ങളായിരുന്ന സി.കൃഷ്ണൻകുട്ടി, പി.ആർ.ഗോപാലകൃഷ്ണപിള്ള, എ.ജോൺസൻ, എ.കെ.രവീന്ദ്രദാസ് എന്നിവർ മരിച്ചു. ശേഷിക്കുന്നവരിൽ ടി.പത്മാവതിയമ്മ, പി.ശശിധരൻ, എം.മഹേന്ദ്രൻ,എ.സിലം,എം.ഷാജു കുമാർ,എ.രവീന്ദ്രൻ, ആർ.രഘുവരൻ നായർ, പി.തിലോത്തമ, എസ്.ജലജ കുമാരി, എൻ.ശശിധരൻ, എം.ആർ.വിനോദ്, എസ്.പുരുഷോത്തമൻ നായർ മുൻ സെക്രട്ടറിമാരായ കെ.മോഹനേന്ദ്ര കുമാർ, എം.രാജേന്ദ്രൻ, പി.ശാന്തകുമാരി, മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗൻ, നിലവിലെ സെക്രട്ടറി ബൈജുരാജൻ ‌ എന്നിവർക്കെതിരെയാണ് നടപടി.

English Summary:

Kandala Service Co-operative Bank Scam: Action to Recover Surcharge from N. Bhasurangan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com