ADVERTISEMENT

തൃശൂർ ∙ എടിഎം കവർച്ചയുടെ ആസൂത്രണത്തിൽ കൂടുതൽ പേർ പങ്കാളികളാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണവുമായി മേവാത്തിലേക്കു പോകുന്ന കാര്യം സിറ്റി പൊലീസിന്റെ പരിഗണനയിൽ. പല ഗ്രൂപ്പുകളിലായി നൂറ്റൻപതിലേറെ സജീവ അംഗങ്ങളുള്ള ‘മേവാത്തി’ ഗ്യാങ്ങിൽ തൃശൂരിലെ കവർച്ചയ്ക്കു വേണ്ട സാങ്കേതിക സൗകര്യങ്ങളൊരുക്കുകയും ആസൂത്രണത്തിൽ നേരിട്ടു പങ്കെടുക്കുകയും ചെയ്തവരെ കണ്ടെത്താനാണു ഹരിയാന – രാജസ്ഥാൻ അതിർത്തിയിലെ കൊള്ളത്താവളം തേടി സിറ്റി പൊലീസ് പോകുന്നത്. തോക്കുകളടക്കം സകല സന്നാഹങ്ങളുമുള്ള കൊടുംകുറ്റവാളികൾ നിറഞ്ഞ മേഖലയിലേക്കു കർശന ജാഗ്രതയോടെയാകും യാത്ര. 

thrissur-atm-robbery-scuba-divers-recover-evidence

അതേസമയം, ഈസ്റ്റ് പൊലീസിന്റെ ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയായ സാഹചര്യത്തിൽ 5 അംഗ കൊള്ളസംഘത്തെ കോടതി നിർദേശപ്രകാരം സേലം ജയിലിലേക്കു തിരിച്ചയച്ചു.  2020 മുതൽ രാജ്യത്തു പലയിടത്തും നടന്ന എടിഎം കൊള്ളകളിൽ തങ്ങൾക്കും സംഘത്തിലുള്ളവർക്കും നേരിട്ടു പങ്കുണ്ടെന്നു ചോദ്യംചെയ്യലിൽ കവർച്ചാസംഘം പൊലീസിനോടു സമ്മതിച്ചു.  ഓരോരുത്തരുടെയും പേരിൽ 5 കേസുകൾ വരെ പല സംസ്ഥാനങ്ങളിലായി നിലവിലുണ്ട്. വ്യാജ ആധാർ കാർഡുകൾ ചമയ്ക്കുന്നതു പതിവായിരുന്നതിനാൽ പേരുകളും വിലാസവും തെറ്റായാണു പലയിടത്തും രേഖപ്പെടുത്തിയിട്ടുള്ളത്.

മോഷണം നടന്ന മാപ്രാണം എസ്ബിഐ എടിഎം സെന്ററിൽ പൊലീസ് പരിശോധിക്കാൻ എത്തിയപ്പൾ ആകാംക്ഷാഭരിതരായി എത്തിയ ജനം.
മോഷണം നടന്ന മാപ്രാണം എസ്ബിഐ എടിഎം സെന്ററിൽ പൊലീസ് പരിശോധിക്കാൻ എത്തിയപ്പൾ ആകാംക്ഷാഭരിതരായി എത്തിയ ജനം.

രാജസ്ഥാൻ, ഹരിയാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സമീപ വർഷങ്ങളിൽ റജിസ്റ്റർ ചെയ്ത എടിഎം കവർച്ചാക്കേസുകളിൽ ഈ സംഘം പ്രതികളാണ്. എന്നാൽ, എല്ലായിടത്തും ഒരേ അംഗങ്ങളല്ല കവർച്ച നടത്താറുള്ളത്. ഇവർ തന്നെ മേവാത്തിൽ നിന്നുള്ള മറ്റു പല സംഘങ്ങളിലും അംഗങ്ങളാണ്. എടിഎം തകർക്കാൻ പരിശീലനം നേടിയവർ, ആയുധ പരിശീലനം നേടിയവർ, അതിവേഗം വാഹനമോടിക്കാൻ ശേഷിയുള്ളവർ, സംഘട്ടനങ്ങളിൽ ചെറുത്തുനിൽപ്പിനു ശേഷിയുള്ളവർ എന്നിങ്ങനെ പല ശേഷികൾ ഉള്ളവരെ തിരഞ്ഞെടുത്ത് ഓരോ കവർച്ചയ്ക്കും മുൻപൊരു ടീം രൂപീകരിക്കുകയാണു ചെയ്യുന്നതെന്നും പ്രതികൾ പൊലീസിനോടു പറഞ്ഞു. 

എടിഎമ്മിൽനിന്നു പണം തട്ടിയ കേസില്‍ അറസ്റ്റിലായ ഹരിയാന സ്വദേശികളായ തൗഫീഖിനെയും വാറിദ് ഖാനെയും (മധ്യത്തിൽ) പുതുക്കാട് പൊലീസ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍.
എടിഎമ്മിൽനിന്നു പണം തട്ടിയ കേസില്‍ അറസ്റ്റിലായ ഹരിയാന സ്വദേശികളായ തൗഫീഖിനെയും വാറിദ് ഖാനെയും (മധ്യത്തിൽ) പുതുക്കാട് പൊലീസ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍.

ചോദ്യംചെയ്യൽ പൂർത്തിയാക്കി ഈസ്റ്റ് പൊലീസ് കോടതിയിൽ ഹാജരാക്കിയതിനു പിന്നാലെ ഇരിങ്ങാലക്കുട, വിയ്യൂർ പൊലീസും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ, ഇവരെ നേരിട്ടു കസ്റ്റഡിയിൽ വിടുന്നതിനു പകരം സേലം സെൻട്രൽ ജയിലിലേക്കു റിമാൻഡിൽ തിരിച്ചയയ്ക്കാനായിരുന്നു കോടതി നിർദേശം. ഇതുപ്രകാരം ഇരിങ്ങാലക്കുട, വിയ്യൂർ എസ്എച്ച്ഒമാർ വീണ്ടും നാമക്കൽ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. കേസിലെ പ്രധാന അന്വേഷണ വിഷയങ്ങളെല്ലാം ഈസ്റ്റിന്റെ കീഴിലേക്കു കൊണ്ടുവന്നിട്ടുണ്ട്. ആന്ധ്രപ്രദേശിൽ നിന്നുള്ള പൊലീസ് സംഘവും ഈസ്റ്റിലെത്തി പ്രതികളെ ചോദ്യംചെയ്തു മടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com