ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ചോദ്യം: കൂടുതൽ സമയം അനുവദിച്ചില്ല; സ്പീക്കറോടു പരിഭവിച്ച് സതീശൻ
Mail This Article
തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചോദ്യത്തിനു കൂടുതൽ സമയം അനുവദിക്കാത്തതിൽ സ്പീക്കറോടു പരിഭവിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇങ്ങനെയാണെങ്കിൽ താൻ സംസാരിക്കുന്നില്ലെന്നു പറഞ്ഞ് ഇരുന്ന പ്രതിപക്ഷ നേതാവിനെ സ്പീക്കർ അനുനയിപ്പിച്ചു വീണ്ടും സംസാരിപ്പിക്കുകയായിരുന്നു.
-
Also Read
മന്ത്രി ശിവൻകുട്ടിയെ പുകഴ്ത്തി സതീശൻ
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടു മന്ത്രി സജി ചെറിയാന്റെ മറുപടിയിൽ, ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടതനുസരിച്ചാണു റിപ്പോർട്ട് പുറത്തുവിടാതിരുന്നതെന്നു സൂചിപ്പിച്ചപ്പോഴാണു സതീശൻ എഴുന്നേറ്റത്. മന്ത്രി പറയുന്നതു വസ്തുതയല്ലെന്നും റിപ്പോർട്ട് പുറത്തുവിടുമ്പോൾ സുപ്രീംകോടതി മാർഗനിർദേശം പാലിക്കണമെന്നാണെന്നും വാദിച്ച പ്രതിപക്ഷ നേതാവ് ഇതിന്റെ കൂടുതൽ വിശദാംശങ്ങളിലേക്കു കടന്നു. ഈ സമയത്ത് ഇടപെട്ട സ്പീക്കർ, ചോദ്യം ചോദിക്കൂ എന്നാവശ്യപ്പെട്ടു.
ഇതോടെ അദ്ദേഹം സ്പീക്കർക്കെതിരെ തിരിഞ്ഞു. താൻ സംസാരിക്കുമ്പോൾ തുടർച്ചയായി സ്പീക്കർ ഇടപെടുകയാണെന്നു പരിഭവിച്ചു. പ്രകോപിതനാകരുതെന്നു സ്പീക്കർ അഭ്യർഥിച്ചെങ്കിലും സീറ്റിൽ ഇരുന്നു. ചോദ്യോത്തരവേളയുടെ സമയം അവസാനിക്കാറായെന്നും ഉത്തരം കിട്ടണ്ടേ എന്നു കരുതിയാണ് ഇടപെട്ടതെന്നും സ്പീക്കർ അനുനയിപ്പിച്ചപ്പോൾ വീണ്ടും എഴുന്നേറ്റു.
പ്രതിപക്ഷ നേതാവിനുള്ള മറുപടിയായി ജസ്റ്റിസ് ഹേമയുടെ കത്ത് വായിക്കുകയാണു മന്ത്രി സജി ചെറിയാൻ ചെയ്തത്. മന്ത്രി പി.രാജീവും പിന്തുണച്ചു. വീണ്ടും പ്രതിപക്ഷ നേതാവ് എഴുന്നേറ്റപ്പോഴേക്കും ചോദ്യോത്തരവേളയുടെ സമയം കഴിഞ്ഞു. അതിനാൽ ഇനി ചോദ്യം അനുവദിക്കാനാകില്ലെന്നും ആവശ്യമാണെങ്കിൽ സബ്മിഷനോ, ശ്രദ്ധക്ഷണിക്കലോ കൊണ്ടുവരാമെന്നും സ്പീക്കർ പറഞ്ഞു.
ചോദ്യം പ്രസ്താവനയോ, പ്രസംഗമോ ആയി മാറ്റരുതെന്നും 45 സെക്കൻഡിൽ അധികം ചോദ്യം നീട്ടരുതെന്നും തുടർന്നു സ്പീക്കർ റൂളിങ് നൽകി. തന്റെ പ്രായത്തിന്റെ പകുതിയിലധികം അനുഭവപരിചയമുള്ള സാമാജികരിൽനിന്നാണു മറിച്ചുള്ള സമീപനമുണ്ടാകുന്നത്.
പാർലമെന്ററി നടപടിക്രമത്തെക്കുറിച്ചു തനിക്കു ക്ലാസെടുത്തതു പ്രതിപക്ഷ നേതാവാണെന്ന് ഓർമിപ്പിച്ച സ്പീക്കർ, ചോദ്യങ്ങൾ പ്രസ്താവനയാക്കാൻ ആരു ശ്രമിച്ചാലും അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.