ADVERTISEMENT

തിരുവനന്തപുരം ∙ യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ എത്തിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിൽ പിടിയിലായ പുത്തൻപാലം രാജേഷിനെ (46) കോടതി റിമാൻഡ് ചെയ്തു. മേയ് 5നു ഫോർട്ട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തനിക്കെതിരായ പീഡന പരാതി വ്യാജമാണെന്നു പൊലീസിനു കത്തയച്ചശേഷം ഒളിവിലായിരുന്ന രാജേഷിനെ കോട്ടയം കോതനല്ലൂരിൽ നിന്നു വീടുവള‍ഞ്ഞ് കടുത്തുരുത്തി പൊലീസാണു പിടികൂടിയത്. ഫോർട്ട് സ്റ്റേഷനിൽ ഇന്നലെ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.

2023 ഡിസംബറിലായിരുന്നു സംഭവം. ഫോർട്ട് പൊലീസ് പറഞ്ഞത്: രാജേഷിന്റെ ഡ്രൈവറുടെ സുഹൃത്താണ് പീഡനത്തിന് ഇരയായ യുവതി. എറണാകുളം സ്വദേശിയായ ഇവർ നഗരത്തിൽ വീട്ടുജോലിക്കായി എത്തിയതായിരുന്നു. രാജേഷിന്റെ ഡ്രൈവറുടെ കാറിൽ യുവതി കണ്ണാശുപത്രിക്കു സമീപത്തു നിന്നാണ് കയറിയത്. എകെജി സെന്ററിനു സമീപത്ത് കാർ നിർത്തുകയും രാജേഷ് ഇവിടെ നിന്നു കയറുകയും ചെയ്തു. പിന്നീട് യുവതിയെ ഭീഷണിപ്പെടുത്തി പവർ ഹൗസ് ജംക്‌ഷനിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം കാറിൽ കൊണ്ടുപോയി ഉപേക്ഷിച്ചെന്നുമാണ് പരാതി.

യുവതി കമ്മിഷണർക്ക് നൽകിയ പരാതിയിൽ രാജേഷിനെ ഒന്നും സുഹൃത്തായ ഡ്രൈവറിനെ രണ്ടും പ്രതികളാക്കി ഫോർട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും സുഹൃത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ്, പരാതി കെട്ടിച്ചമച്ചതാണെന്ന് അറിയിച്ച് രാജേഷ് സ്റ്റേഷനിലേക്ക് കത്തയച്ചത്.

രാജേഷിനൊപ്പമുണ്ടായിരുന്ന ജോമോൻ എന്നയാളെയും മറ്റു നാലുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോതനല്ലൂർ ടൗണിനു സമീപം രാജേഷ് ഒളിവിൽകഴിഞ്ഞ വീട് ജോമോനാണു വാടകയ്ക്കെടുത്തിരുന്നത്. കരാർ ജോലികൾ ചെയ്യുന്ന ജോമോൻ തിരുവനന്തപുരത്തു ജോലി ചെയ്തിരുന്നപ്പോൾ പുത്തൻപാലം രാജേഷുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഈ ബന്ധമാണു രാജേഷിനെ കോതനല്ലൂരിൽ എത്തിച്ചത്. പൊലീസ് എത്തുമ്പോൾ ഒരു ബൈക്കുൾപ്പെടെ 5 വാഹനങ്ങൾ വീട്ടിലുണ്ടായിരുന്നു. 

English Summary:

Puthanpalam Rajesh Arrested for Sexual Assault, Remanded in Custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com