ADVERTISEMENT

തിരുവനന്തപുരം ∙ ഓൺലൈൻ അപേക്ഷകളിൽ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് വില്ലേജ് ഓഫിസുകളിലേക്ക് ഇനി പൊതുജനങ്ങളെ വിളിച്ചുവരുത്താനാവില്ല. ഇ–ഡിസ്ട്രിക്ട് പോർട്ടൽ വഴി വിവിധ സർട്ടിഫിക്കറ്റുകൾക്കും സേവനങ്ങൾക്കുമുള്ള അപേക്ഷകളിൽ അപാകതയോ രേഖകളുടെ കുറവോ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ നേരിട്ടുചെന്നോ ഫോണിലൂടെയോ അപേക്ഷകരെ വിവരം അറിയിക്കണം. ഇതുസംബന്ധിച്ച വിജിലൻസിന്റെ ശുപാർശ റവന്യു വകുപ്പ് അംഗീകരിച്ചു. വില്ലേജ് ഓഫിസുകളിലെ മിന്നൽപരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ, വിജിലൻസ് ഡയറക്ടർ അയച്ച ശുപാർശയിലാണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ തീരുമാനം.

റവന്യു വകുപ്പിൽനിന്നുള്ള 24 സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ഇ–ഡിസ്ട്രിക്ട് പോർട്ടൽ വഴിയും വിവിധ സേവനങ്ങൾ വകുപ്പിന്റെ പോർട്ടൽ വഴിയുമാണു നൽകുന്നത്. എങ്കിലും പല അപേക്ഷകളിലും രേഖകൾ തേടിയും അപാകതകൾ പരിഹരിക്കാനെന്ന പേരിലും ആളുകളെ ഓഫിസിലേക്കു വിളിച്ചുവരുത്തുന്നത് അഴിമതിക്ക് ഇടയാക്കുന്നതായാണു വിജിലൻസിന്റെ കണ്ടെത്തൽ.

സേവനാവകാശ നിയമപ്രകാരം സമയബന്ധിതമായി സർട്ടിഫിക്കറ്റുകൾ നൽകണമെന്നും ഒരിക്കൽ നൽകിയ ജാതി, നേറ്റിവിറ്റി, കൈവശ സർട്ടിഫിക്കറ്റുകൾ നിശ്ചിതകാലത്തേക്ക് വെബ്സൈറ്റിൽനിന്നു നേരിട്ടു ലഭിക്കാൻ സംവിധാനം വേണമെന്നുമുള്ള ശുപാർശകളിലും നടപടിക്കു റവന്യു വകുപ്പ് നിർദേശം നൽകി. വില്ലേജ് ഓഫിസർമാരെ സ്വന്തം നാട്ടിൽ നിയമിക്കുന്നത് ഒഴിവാക്കണമെന്ന ശുപാർശയും അംഗീകരിച്ചു.

വില്ലേജ് ഓഫിസുകളിൽ മുൻഗണനാക്രമം മറികടന്ന് അപേക്ഷകൾ തീർപ്പാക്കുന്നുവെന്നും നേരിട്ടു ലഭിക്കുന്നവ റജിസ്റ്ററിൽ രേഖപ്പെടുത്തുകയോ രസീത് നൽകുകയോ ചെയ്യുന്നില്ലെന്നും വിജിലൻസ് കണ്ടെത്തിയെങ്കിലും ഇതിലെ നടപടി വ്യക്തമാക്കിയിട്ടില്ല.

റവന്യു വകുപ്പ് ഗൗനിക്കാത്ത ശുപാർശകൾ

∙ ഓൺലൈൻ അപേക്ഷകൾ തിരിച്ചയയ്ക്കുമ്പോൾ അതിന്റെ കാരണം കമന്റ് കോളത്തിൽ വ്യക്തമാക്കാൻ സോഫ്റ്റ്‌വെയർ പരിഷ്കരിക്കണം.

∙ താലൂക്കിൽനിന്നു ന്യൂനതകൾ പരിഹരിക്കാൻ വില്ലേജിലേക്ക് അയയ്ക്കുന്ന അപേക്ഷകൾ കെട്ടിക്കിടക്കുന്നു.

∙ ഇ–ഡിസ്ട്രിക്ട് പോർട്ടലിൽ തീർപ്പാക്കിയ ഫയലുകളുടെ വിവരങ്ങളില്ല.

∙ ഇ–ഡിസ്ട്രിക്ട് പോർട്ടൽ സ്പെഷൽ വില്ലേജ് ഓഫിസർമാരും കൈകാര്യം ചെയ്യണം.

വാഹനച്ചെലവ് അപേക്ഷകരുടെ പോക്കറ്റിൽനിന്ന്

വില്ലേജ് ഓഫിസുകളിൽനിന്നു സ്ഥലപരിശോധനയ്ക്കു പോകാൻ വകുപ്പിന്റെ വാഹനം ഇല്ലാത്തതിനാൽ ഇതിന്റെ ചെലവ് അപേക്ഷകരിൽനിന്ന് ഈടാക്കുകയാണെന്നു വിജിലൻസ് റിപ്പോർട്ടിലുണ്ട്. വില്ലേജ് ഓഫിസിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കണമെന്നും ഫ്രണ്ട് ഓഫിസ് സംവിധാനം വേണമെന്നും ശുപാർശയുണ്ട്.

English Summary:

Village office: Action to prevent corruption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com