ADVERTISEMENT

കോഴിക്കോട് ∙ അക്ഷരങ്ങൾ പെയ്യാനൊരുങ്ങുകയാണ്. അറിവിന്റെ, കലയുടെ ഉത്സവമേളങ്ങളിലേക്കു സാഹിത്യനഗരം ഉണരുന്നു. മലയാള മനോരമ നവംബർ 1 മുതൽ 3 വരെ കോഴിക്കോട് കടപ്പുറത്തു നടത്തുന്ന ഹോർത്തൂസ് സാഹിത്യ–സാംസ്കാരികോത്സവത്തിന് ഒരുക്കങ്ങൾ ദ്രുതഗതിയിൽ മുന്നോട്ട്. 

യുനെസ്കോയുടെ സാഹിത്യനഗരപദവി നേടിയ കോഴിക്കോടിന്റെ മണ്ണിലാണു ഹോർത്തൂസ് സാഹിത്യോത്സവത്തിനു തിരശീല ഉയരുന്നത്. മലയാളക്കരയിൽ ആദ്യമായി സാഹിത്യ സമ്മേളനത്തിനു വേദിയൊരുക്കിയ മനോരമയാണു ഹോർത്തൂസ് അണിയിച്ചൊരുക്കുന്നത് എന്നതാണു ചരിത്ര നിയോഗം. ഭാഷാപോഷിണി രൂപീകരണത്തിനു മുന്നോടിയായി 1891ൽ കോട്ടയത്തു സംഘടിപ്പിച്ച കവിസമാജം എന്ന കൂട്ടായ്മയിലൂടെയാണു കേരളത്തിലെ ആദ്യത്തെ സാഹിത്യോത്സവം നടത്തിയത്. 

133 വർഷങ്ങൾക്കിപ്പുറം ലോകത്തിന്റെ പല ഭാഗങ്ങളിലെ എഴുത്തുകാരെ സാഹിത്യപ്രേമികൾക്കു മുന്നിലേക്കു കൊണ്ടുവരുകയെന്ന ദൗത്യവും മനോരമ ഏറ്റെടുക്കുകയാണ്. സാഹിത്യപ്രേമികൾ കാണാനാഗ്രഹിച്ച എഴുത്തുകാരും ചലച്ചിത്ര, സംഗീത പ്രതിഭകളും സാംസ്കാരികനായികാനായകരും വേദികളിലെത്തും. കോഴിക്കോട് കടപ്പുറത്തു നടക്കുന്ന സംവാദങ്ങളിൽ പുത്തൻ ആശയങ്ങൾ തിരയടിക്കും. ഏഴു വേദികളിലായി 120 സെഷനുകളിൽ മുന്നൂറിലധികം പ്രമുഖരാണു പങ്കെടുക്കാനെത്തുന്നത്. 

ഇന്ത്യയിലെ എല്ലാ പ്രമുഖ പ്രസാധകരും പങ്കെടുക്കുന്ന പുസ്തകമേള, സംഗീതനിശകൾ, ഭക്ഷ്യമേള, കൊറിയയിൽ നിന്നുള്ള പ്രശസ്ത പാചകവിദഗ്ധൻ നേതൃത്വം നൽകുന്ന കുക്ക് സ്റ്റുഡിയോ, കുട്ടികൾക്കുള്ള പ്രത്യേക പവിലിയനുകൾ തുടങ്ങിയവ ഉണ്ടായിരിക്കും. ഹോർത്തൂസിനു മുന്നോടിയായി കൊച്ചി ബിനാലെ മാതൃകയിൽ കലാവിഷ്കാരങ്ങളുടെ പ്രദർശനം 20നു കോഴിക്കോട് കടപ്പുറത്തു തുടങ്ങും. കൊച്ചി ബിനാലെയുടെ മുഖ്യശിൽപി ബോസ് കൃഷ്ണമാചാരി നേതൃത്വം നൽകും. 

കലാപ്രദർശനത്തിനുള്ള വേദിയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. 10,000 ചതുരശ്ര അടി വിസ്തീർണമുള്ള വേദിയിലാണു പ്രദർശനം. ഹോർത്തൂസ് സാഹിത്യ –സാംസ്കാരികോത്സവത്തിനുള്ള പത്തോളം പ്രധാനവേദികളുടെ നിർമാണവും അതിവേഗം പുരോഗമിക്കുന്നു. ഹോർത്തൂസിന്റെ വേദിയിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അക്ഷരപ്രയാണങ്ങളും തുടങ്ങിക്കഴിഞ്ഞു.

English Summary:

Horthus from November 1 to 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com