എഡിജിപി അജിത്തിന്റെ സ്ഥലംമാറ്റം: എസ്ഐടി അന്വേഷണമല്ല കാരണമെന്ന് മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്നു നീക്കിയതിൽ ഡിജിപിയുടെ നേതൃത്വത്തിൽ നടത്തിയ എസ്ഐടി അന്വേഷണത്തിനു ബന്ധമില്ലെന്നു മുഖ്യമന്ത്രി സമ്മതിച്ചു.
പി.വി.അൻവർ നൽകിയ പരാതി അന്വേഷിച്ച എസ്ഐടി കഴിഞ്ഞ അഞ്ചിനു റിപ്പോർട്ട് നൽകിയെന്നും റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി കെ.കെ.രമ, കെ.ബാബു തുടങ്ങിയവരുടെ ചോദ്യത്തിനു നിയമസഭയിൽ മറുപടി നൽകി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച തുടർനടപടിയെന്ത് എന്ന ചോദ്യത്തിന് ‘റിപ്പോർട്ട് പരിശോധിച്ചുവരുന്നു’ എന്ന മറുപടിയാണു നൽകിയത്.
സിപിഐ ഉൾപ്പെടെ ഘടകകക്ഷികൾ അജിത്കുമാറിനെതിരെ നടപടിയാവശ്യപ്പെട്ട ഘട്ടത്തിൽ എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തീരുമാനം എന്നു പറഞ്ഞാണു മുഖ്യമന്ത്രി വൈകിപ്പിച്ചത്. ഒക്ടോബർ അഞ്ചിന് റിപ്പോർട്ട് ലഭിച്ചു. ക്രമസമാധാനച്ചുമതലയിൽനിന്ന് അജിത്കുമാറിനെ നീക്കിയതു പിറ്റേന്നാണ്.
അന്വേഷണ റിപ്പോർട്ട് കിട്ടിയ ഉടൻ മുഖ്യമന്ത്രി നടപടിയെടുത്തെന്ന തരത്തിലുള്ള പ്രചാരണമാണ് സിപിഎം ഇപ്പോഴും നടത്തുന്നത്. ഇതിനെ തള്ളുന്നതാണു നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി.