ADVERTISEMENT

തിരുവനന്തപുരം ∙ മുണ്ടക്കൈ,ചൂരൽമല ഉരുൾപൊട്ടലിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പുകൾക്കായി 2 എസ്റ്റേറ്റുകൾ കാലതാമസമില്ലാതെ സർക്കാർ ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയിൽ പറഞ്ഞു. 1000 വീടുകൾ ഇവിടെ നിർമിക്കും.

കൂടുതൽ വീടുകൾ വേണമെങ്കിൽ അതിനാവശ്യമായ നടപടികൾ സ്വീകരിക്കും. ഭാവിയിൽ രണ്ടാം നില കൂടി പണിയാൻ കഴിയുംവിധം 1000 ചതുരശ്രയടിയുള്ള ഒറ്റനില വീടുകളാണു നിർമിക്കുക. പദ്ധതിക്കായുള്ള ടെൻഡർ നടപടികൾ ഡിസംബർ 31ന് അകം പൂർത്തിയാക്കും. 

പുനരധിവാസ പാക്കേജിൽ ജീവനോപാധികളും ഉറപ്പാക്കും. വനിതകൾക്കു തൊഴിൽപരിശീലനവും കർഷകർക്കു കൃഷി ചെയ്യാൻ സൗകര്യവുമൊരുക്കും. വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മറ്റുള്ളവരെ രണ്ടാം ഘട്ടമായും പുനരധിവസിപ്പിക്കും. ഇവരുടെ കരട് പട്ടിക കലക്ടർ പ്രസിദ്ധീകരിക്കും. പുനരധിവാസ പ്രവർത്തനങ്ങൾക്കായി എംപിമാരുടെ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ വരെ വിനിയോഗിക്കാനുള്ള അനുമതി കേന്ദ്രം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

പെരുമാറ്റച്ചട്ടം ബാധകമല്ല: മന്ത്രി 

ഭൂമി ഏറ്റെടുക്കലിനുള്ള 120 ദിവസത്തെ കാലതാമസം ഒഴിവാക്കാൻ ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകൾ സംസ്ഥാനം വിനിയോഗിച്ചതായി മന്ത്രി കെ.രാജൻ അറിയിച്ചു. ഇതുപ്രകാരമുള്ള നടപടികൾക്കു തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമല്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും നടപടികളുമായി സർക്കാരിനു മുന്നോട്ടുപോകാം. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാക്കി കേസിനു പോകാൻ സർക്കാരിനു താൽപര്യമില്ല.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു ശേഷം ദുരിതബാധിതർക്കായുള്ള തിരച്ചിൽ നിർത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഓഗസ്റ്റ്,സെപ്റ്റംബർ മാസങ്ങളിൽ വിവിധയിടങ്ങളിൽനിന്നു ശരീരഭാഗങ്ങളും മൃതദേഹങ്ങളും കണ്ടെത്തി. 47 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. അവരെ കണ്ടെത്താൻ സർക്കാരിന്റെ എല്ലാ സന്നാഹങ്ങളും ഉപയോഗിക്കാൻ തയാറാണ്. ഉരുൾപൊട്ടൽ,മഴ എന്നിവ സംബന്ധിച്ചു കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിൽ കേന്ദ്രം വീഴ്ച വരുത്തിയെന്നും രാജൻ കുറ്റപ്പെടുത്തി.

വയനാടിനു സഹായം ലഭിക്കും: നിർമല

കൊച്ചി ∙ പ്രധാനമന്ത്രിയുടെ വയനാട് വാഗ്ദാനങ്ങൾ പാഴായെന്ന പ്രചാരണം  ഉപേക്ഷിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വയനാടിനു കേന്ദ്രത്തിന്റെ സഹായവും കരുതലും ഉണ്ടാവും. എന്തൊക്കെ ചെയ്യേണ്ടതുണ്ടോ അതൊക്കെ ചെയ്യും – അവർ പറഞ്ഞു. ദുരിതാശ്വാസപ്രവർത്തനത്തിനു കേന്ദ്ര സേനാവിഭാഗങ്ങളും മറ്റും ചേർന്ന് അവസാനം വരെ വലിയ സേവനമാണു നടത്തിയതെന്നും പ്രധാനമന്ത്രിയുടെ വരവ് വെറും ഫോട്ടോ അവസരം മാത്രമായെന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്നും കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ ‘മീറ്റ് ദ് ഗ്രേറ്റ് ലീഡേഴ്സ്’ പരമ്പരയുടെ ഭാഗമായി  സെന്റ് തെരേസാസ് കോളജിൽ പ്രസംഗിക്കവേ അവർ പറഞ്ഞു.

English Summary:

Township: Two estates will be taken over said Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com