ADVERTISEMENT

തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവർ മിക്കവരും കേസുമായി മുന്നോട്ടുപോകാൻ തയാറാകാത്തതിനാലും മൊഴി നൽകിയവരിൽ ചിലരുടെ പേരുകൾ ലഭിക്കാത്തതിനാലും അന്വേഷണത്തിന് മറ്റു വഴികൾ തേടാൻ പ്രത്യേക അന്വേഷണ സംഘം.

അതിജീവിതമാർക്ക് പരാതികൾ ബോധിപ്പിക്കാനുണ്ടെങ്കിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്നു കാണിച്ചു പത്രങ്ങളിൽ പരസ്യം നൽകിയിരിക്കുകയാണ് പൊലീസ്.

56 പേരുടെ മൊഴി ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ടെങ്കിലും, ഇൗ മൊഴികൾ നൽകിയവരുടെ സൂചനകൾ മാത്രമാണ് അന്വേഷണസംഘത്തിന് കൈമാറിയ റിപ്പോർട്ടിലുള്ളത്. പേരുകൾ മറച്ചാണ് റിപ്പോർട്ട് കൈമാറിയതെന്ന് അന്വേഷണസംഘം പറയുന്നു. 

മൊഴികളിലുള്ള സൂചനകളിലൂടെയാണ് ഇപ്പോൾ അന്വേഷണസംഘത്തിന് പേരുകളിലേക്ക് എത്താനാകുന്നത്. ഇവരിൽ മിക്കവരും പരാതിയുമായി മുന്നോട്ടു പോകാനില്ലെന്നും അറിയിച്ചു. ചിലരുടെ പേരിൽതന്നെ ആശയക്കുഴപ്പമുണ്ടായ കാര്യം അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കോടതിയുടെ നിർദേശപ്രകാരമാണ് ഇത്തരത്തിൽ നേരത്തേ മൊഴി നൽകിയ അതിജീവിതകൾക്ക് വീണ്ടും പൊലീസിനോട് കാര്യങ്ങൾ വിശദീകരിക്കാൻ അവസരം നൽകി പത്രപരസ്യം നൽകിയത്.

മൊഴിയിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ കേസ് റജിസ്റ്റർ ചെയ്ത ശേഷം അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു ഉദ്ദേശ്യം. ഹേമ കമ്മിറ്റിയിലെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇതുവരെ ഒരു കേസാണ് റജിസ്റ്റർ ചെയ്തത്. എന്നാൽ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഉയർന്ന ലൈംഗിക ആരോപണങ്ങളിൽ 21 കേസുകൾ റജിസ്റ്റർ ചെയ്തു. 

English Summary:

Hema committee report witnesses reluctant to pursue cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com