ADVERTISEMENT

കണ്ണൂർ/പത്തനംതിട്ട/തിരുവനന്തപുരം ∙ ജീവനൊടുക്കിയ കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് 3നു ശേഷം മലയാലപ്പുഴ താഴം കാരുവള്ളിൽ വീട്ടുവളപ്പിൽ നടക്കും. മൃതദേഹം രാവിലെ 10 മുതൽ 11.30 വരെ പത്തനംതിട്ട കലക്ടറേറ്റിൽ പൊതുദർശനത്തിനു വയ്ക്കും. ഇന്നലെ ഉച്ചയ്ക്കാണു മൃതദേഹം കണ്ണൂരിൽനിന്നു പത്തനംതിട്ടയിലെത്തിച്ചത്. കണ്ണൂർ കലക്ടർ അരുൺ കെ.വിജയൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തുടങ്ങിയവർ അനുഗമിച്ചു. 

മന്ത്രി വീണാ ജോർജ്, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി തുടങ്ങിയവർ നവീൻ ബാബുവിന്റെ വീടു സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു യുഡിഎഫും ബിജെപിയും മലയാലപ്പുഴ പഞ്ചായത്തിൽ ഹർത്താൽ നടത്തി. നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലയിലെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടത്തോടെ അവധിയെടുത്തു പ്രതിഷേധിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പി.പി.ദിവ്യയെ തള്ളിപ്പറഞ്ഞു. 

നവീൻ ബാബു അഴിമതിക്കാരനല്ലെന്നു മന്ത്രി വീണാ ജോർജും യാത്രയയപ്പ് യോഗത്തിൽ പി.പി.ദിവ്യ അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയും പറഞ്ഞു. 

കണ്ണൂർ കലക്ടറേറ്റിലെ റവന്യു ജീവനക്കാർ ആരും ഇന്നലെ ജോലിക്കെത്തിയില്ല. സംസ്ഥാനത്തു പലയിടത്തും റവന്യു ജീവനക്കാരും സർക്കാർ ഉദ്യോഗസ്ഥരും പ്രതിഷേധിച്ചു. 

ദിവ്യ എവിടെ? 

ആരോപണമുനയിൽ നിൽക്കുന്ന പി.പി. ദിവ്യ ഇന്നലെയും പുറത്തിറങ്ങിയില്ല. പ്രസ്താവനകളോ പ്രതികരണമോ ഇല്ല. പരിയാരം മെഡിക്കൽ കോളജിൽ ഓഫിസ് അസിസ്റ്റന്റായ ഭർത്താവ് വി.പി.അജിത്തും രണ്ടു ദിവസമായി ഓഫിസിലെത്തുന്നില്ല. ദിവ്യയെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നു യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. 

English Summary:

Tribute to Naveen Babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com