ADVERTISEMENT

ഓച്ചിറ (കൊല്ലം) ∙ കായംകുളം പൊലീസ് സ്റ്റേഷനിൽ പിതാവിന്റെ മുന്നിൽവച്ചു ക്രൂരമായി മർദിച്ചതിൽ മനംനൊന്ത് സഹോദരങ്ങളിൽ ഒരാൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആലുംപീടിക സ്വദേശി യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. പ്രയാർ തെക്ക് ആലുംപീടിക സുനിൽ ഭവനത്തിൽ ദേവേന്ദു(20)വാണ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. സഹോദരൻ രാഹുൽ (20) പരുക്കേറ്റ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

സഹോദരങ്ങൾ മറ്റൊരു യുവാവിനെ മർദിച്ചെന്ന പരാതിയെ തുടർന്നാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇരു വിഭാഗത്തിനും പരാതിയില്ലെന്നു പറഞ്ഞ് കേസ് ഒത്തുതീർപ്പാക്കിയ ശേഷമാണ് 4 പൊലീസ് ഉദ്യോഗസ്ഥർ സഹോദരങ്ങളെ സ്റ്റേഷനുള്ളിലേക്കു കൊണ്ടുപോയി മർദിച്ചതെന്നാണ് പരാതി. സ്റ്റേഷനിൽ ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫിസർ എത്തിയാണ് പൊലീസ് ഉദ്യോഗസ്ഥരെ മർദനത്തിൽ നിന്നു പിൻതിരിപ്പിച്ചതെന്നു സഹോദരങ്ങൾ മുഖ്യമന്ത്രി, ഡിജിപി ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയിൽ പറയുന്നു.

ചൊവ്വാഴ്ച രാത്രിയാണ് വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ ദേവേന്ദുവിനെ വീടിനുള്ളിൽ കണ്ടത്. കഴിഞ്ഞ 12ന് ഇടയനമ്പലം കാവിപനയ്ക്കൽ ക്ഷേത്രത്തിന് സമീപം വച്ച് കുലശേഖരപുരം സ്വദേശിയായ യുവാവിനെ ബൈക്ക് തടഞ്ഞു നിർത്തി മർദിച്ചെന്ന പരാതിയിലാണ് കായംകുളം പൊലീസ് സഹോദരങ്ങളെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. പിതാവ് സുനിലിനോടൊപ്പമാണ് ഇവർ രാവിലെ 10ന് സ്റ്റേഷനിലെത്തിയത്.

2 മണിയോടെ കേസ് ഒത്തുതീർപ്പാക്കിയ ശേഷമാണ് സഹോദരങ്ങളെ സ്റ്റേഷനുള്ളിലേക്കു കൊണ്ടുപോയി മർദിച്ചതെന്നു പരാതിയിൽ പറയുന്നു. പൊലീസ് ക്രൂരമായി മർദിച്ചതിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ദേവേന്ദു ഡോക്ടർമാർക്ക് മൊഴി നൽകി. കഴിഞ്ഞ 12ന് ദേവേന്ദുവും രാഹുലും മറ്റു രണ്ടുപേരും ചേർന്ന് ജഗന്നാഥനെ ക്രൂരമായി മർദിച്ചെന്ന പരാതിയെത്തുടർന്നാണ് ഇരുവിഭാഗത്തെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചതെന്നു പൊലീസ് പറയുന്നു. കേസെടുക്കേണ്ട എന്ന പരാതിക്കാരന്റെ നിർദേശത്തെ തുടർന്ന് ഇരുവിഭാഗത്തെയും വിട്ടയ്ക്കുകയാണുണ്ടത്.

ജഗന്നാഥനെ മർദിച്ച സംഭവത്തിലെ മറ്റ് രണ്ടു പേരുടെ പേരു വെളിപ്പെടുത്താത്തതിനെ തുടർന്ന് സഹോദരങ്ങളെ സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോയി 15 മിനിറ്റ് നിർത്തിയ ശേഷം പിതാവിനോടൊപ്പം വിട്ടയ്ക്കുകയായിരുന്നെന്നും കായംകുളം പൊലീസ് പറഞ്ഞു.

English Summary:

Youth attempted suicide after beaten by police in front of father

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com