ADVERTISEMENT

ആലപ്പുഴ ∙ നവകേരള സദസ്സുമായി ബന്ധപ്പെട്ടു പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ ഗൺമാന്റെ നേതൃത്വത്തിൽ മർദിച്ചെന്ന പരാതി തള്ളണമെന്ന പൊലീസ് റിപ്പോർട്ടിനെതിരെ വാദി ഭാഗം സമർപ്പിച്ച ഹർജി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) സ്വീകരിച്ചു.

തെളിവായി മർദനദൃശ്യങ്ങൾ സമർപ്പിച്ച പരാതിക്കാർ കേസ് വീണ്ടും അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. നവംബർ 2ന് കേസിൽ വാദം കേൾക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു സമീപം പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനെയും കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസിനെയും പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന ഗൺമാ‍ൻ അനിൽകുമാറും സുരക്ഷാ ജീവനക്കാരൻ സന്ദീപും ചേർന്നു മർദിച്ചെന്നാണു കേസ്.

എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കിയതാണെന്നും പരാതി തള്ളണമെന്നും ആവശ്യപ്പെട്ടാണ് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കോടതിയിൽ റഫർ റിപ്പോർട്ട് നൽകിയത്. ഇതിനെതിരെ അജയ്   നൽകിയ ഹർജിയിലാണു വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്. 

സംഭവത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നതു പരിശോധിക്കണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടു. ദൃശ്യമാധ്യമങ്ങളിൽ വന്ന വിഡിയോ ദൃശ്യങ്ങളും സ്ക്രീൻഷോട്ടുകളും കോടതിയിൽ സമർപ്പിച്ചു. ദൃശ്യങ്ങൾ നൽകാൻ മാധ്യമങ്ങൾക്കു നോട്ടിസ് നൽ‍കിയിരുന്നെങ്കിലും ആരും ഹാജരാക്കിയില്ലെന്നാണു പൊലീസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

എന്നാൽ, അങ്ങനെയൊരു നോട്ടിസ് സംബന്ധിച്ച രേഖ പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും തങ്ങൾ സാക്ഷിയായി ചേർത്ത ചാനൽ ക്യാമറമാന്റെ മൊഴി എടുത്തിട്ടില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

English Summary:

Chief Minister's gunman case against the police report plaintiff's Petition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com