ADVERTISEMENT

പത്തനംതിട്ട ∙ പി.പി.ദിവ്യയെ പിന്തുണച്ച ഡിവൈഎഫ്ഐ നിലപാടിനെ തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു. പി.പി.ദിവ്യയെ അവശ്വസിക്കേണ്ടതില്ലെന്നും അന്വേഷണം നടക്കട്ടെയെന്നുമുള്ള ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിന്റെ വിശദീകരണത്തോടാണ് കെ.പി.ഉദയഭാനു പ്രതികരിച്ചത്.

ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാനാവില്ല. ഡിവൈഎഫ്ഐ എന്തു നിലപാട് എടുത്തു എന്നത് താൻ കണ്ടിട്ടില്ല. പാർട്ടിക്ക് ഇക്കാര്യത്തിൽ ഒറ്റ നിലപാടെയുള്ളു. അത് നവീന്റെ കുടുംബത്തോടൊപ്പം നിൽക്കുക എന്നതു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയോട് ഒരുഘട്ടത്തിലും യോജിക്കാവില്ല. പൊതുപ്രവർത്തകർ ആരും ഇങ്ങനെ ചെയ്യാൻ പാടില്ല. മാത്രമല്ല ഇതൊരു പാഠമായി മാറണമെന്നും ഉദയഭാനു പറഞ്ഞു.

ഈ വിഷയത്തിൽ സിപിഎം കൃത്യമായ നിലപാട് എടുത്ത് ദിവ്യയോടു മാറിനിൽക്കാൻ ആവശ്യപ്പെട്ടു. നവീൻ‌ ബാബു കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്ന കാര്യം ഡിവൈഎഫ്ഐക്ക് അറിയില്ല. പ്രശാന്തൻ വ്യാജ പരാതി നൽകിയിട്ടുണ്ടെങ്കിൽ കേസെടുക്കട്ടെയെന്നുമാണ് വി.വസീഫ് വ്യക്തമാക്കിയത്.

ഡിവൈഎഫ്ഐ നിലപാടിനെ തള്ളി തോമസ് ഐസക്

തിരുവനന്തപുരം ∙ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ പി.പി.ദിവ്യയെ ന്യായീകരിച്ച ഡിവൈഎഫ്ഐ നിലപാടിനെ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ.തോമസ് ഐസക്. ഡിവൈഎഫ്ഐ പറഞ്ഞത് കേട്ടിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം, ദിവ്യയുടെ പെരുമാറ്റത്തെ പാർട്ടി നിരുപാധികം തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ രണ്ട് സമീപനമില്ലെന്നും വ്യക്തമാക്കി.

ഒരു പാർട്ടി നേതാവും ദിവ്യയുടെ പെരുമാറ്റത്തെ ന്യായീകരിക്കാൻ തയാറായിട്ടില്ല. അധികാര സ്ഥാനങ്ങളിലുള്ളവർ എങ്ങനെയൊക്കെ പെരുമാറരുതെന്നും അങ്ങനെയുള്ള ശീലങ്ങളുണ്ടെങ്കിൽ തിരുത്തണമെന്നുമുള്ള പ്രചാരണത്തിലാണ് പാർട്ടി. അതിനു വിരുദ്ധമാണ് ദിവ്യയുടെ പെരുമാറ്റം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു   ദിവ്യയെ നീക്കിയതു ചെറിയ   കാര്യമല്ല.

സമഗ്രമായ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളുണ്ടാകും. ദിവ്യയെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്നത് രാഷ്ട്രീയ നിലപാടായി പറയേണ്ട കാര്യമല്ല, അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വീകരിക്കേണ്ട നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

CPM district secretary opposed stand of DYFI supporting PP Divya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com