കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ അറസ്റ്റിൽ
Mail This Article
ഒല്ലൂക്കര (തൃശൂർ)∙ അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഒല്ലൂക്കര സ്പെഷൽ വില്ലേജ് ഓഫിസർ മുറ്റിച്ചൂർ പടിയത്ത് ഓലക്കോട്ടിൽ വീട്ടിൽ പി.എ.പ്രസാദ്(45), വില്ലേജ് അസിസ്റ്റന്റ് പുറനാട്ടുകര പൊങ്ങാക്കോട്ടിൽ ആശിഷ്(36) എന്നിവരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. മണ്ണുത്തി പൊലീസ് പിടിച്ചെടുത്ത മണ്ണുമാന്തിയന്ത്രം വിട്ടുകിട്ടുന്നതിന് അനുകൂലമായ റിപ്പോർട്ട് വാഗ്ദാനം ചെയ്ത് 5.5 ലക്ഷം രൂപ ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്.
-
Also Read
കൈക്കൂലി: ട്രൈബൽ സർവേയർ അറസ്റ്റിൽ
ഒല്ലൂർ സ്വദേശിയായ പരാതിക്കാരന്റെ വിദേശത്തുള്ള സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം നിരപ്പാക്കുന്നതിനിടെ പൊലീസ് മണ്ണുമാന്തിയന്ത്രം പിടിച്ചെടുത്തിരുന്നു. ഇതു വിട്ടുകിട്ടാൻ സമീപിച്ചപ്പോൾ, നിരത്തിയതു കര ഭൂമിയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് വേണമെന്നു പൊലീസ് ആവശ്യപ്പെട്ടു. ഒല്ലൂക്കര വില്ലേജ് ഓഫിസറോടൊപ്പം സ്ഥലം പരിശോധിച്ച സ്പെഷൽ വില്ലേജ് ഓഫിസർ പി.എ.പ്രസാദ് കൈക്കൂലി റിപ്പോർട്ടിന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
സ്ഥലം പറമ്പും നിലവുമായാണു രേഖയിലുള്ളതെന്നും മണ്ണുമാന്തിയന്ത്രം വിട്ടുകിട്ടാൻ അതിന്റെ വിലയുടെ മൂന്നിരട്ടി തുകയായ 55 ലക്ഷം കോടതിയിൽ കെട്ടിവയ്ക്കേണ്ടിവരുമെന്നും പരാതിക്കാരനോടു സൂചിപ്പിച്ചു. ഈ തുകയുടെ 10 ശതമാനമായ 5.5 ലക്ഷം രൂപ നൽകിയാൽ കരഭൂമിയാണെന്ന റിപ്പോർട്ട് നൽകാമെന്നും അറിയിച്ചു. അത്രയും പണം നൽകാനില്ലായെന്നു പറഞ്ഞപ്പോൾ 2 ലക്ഷം രൂപയെങ്കിലും കൊടുക്കാതെ റിപ്പോർട്ട് നൽകില്ലെന്നും മുൻകൂറായി 50,000 രൂപ വില്ലേജ് ഓഫിസിലെത്തിക്കാനും ആവശ്യപ്പെട്ടു. പരാതിക്കാരൻ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു.
വിജിലൻസ് മധ്യമേഖല പൊലീസ് സൂപ്രണ്ട് എസ്. ശശിധരന്റെ നിർദേശപ്രകാരം തൃശൂർ വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി പി. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം കെണിയൊരുക്കി ഇരുവരെയും അറസ്റ്റ് ചെയ്തു.