ADVERTISEMENT

തിരുവനന്തപുരം∙ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ രസത്തിനും അച്ചാറിനും വിലക്ക്! ഇവ രണ്ടും വിഭവങ്ങളിൽ ഉൾപ്പെടുത്തരുതെന്നാണു പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. എന്തുകൊണ്ടെന്നു സർക്കുലറിൽ വ്യക്തമാക്കുന്നില്ലെങ്കിലും കുറഞ്ഞ ചെലവിൽ തയാറാക്കാവുന്ന ഇവ കറികളായി കണക്കാക്കാനാകില്ലെന്നാണു മേൽനോട്ട ചുമതലയുള്ള ഓഫിസർമാർ സ്കൂളുകൾക്കു നൽകുന്ന വിശദീകരണം. എന്നാൽ, പണമില്ലാതെ കടം പറഞ്ഞ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുമ്പോൾ ഇത്തരത്തിൽ ചെലവു കുറഞ്ഞ കറികളെ ആശ്രയിച്ചേ മതിയാകൂവെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. 

ദിവസവും രണ്ടു കറികൾ വേണമെന്നും അതിൽ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധമാണെന്നും നിർദേശമുണ്ട്. ഫണ്ട് ലഭ്യതയനുസരിച്ചു മത്സ്യ,മാംസ വിഭവങ്ങളും ഉൾപ്പെടുത്താമെന്നു പറയുന്നുണ്ടെങ്കിലും തുച്ഛമായ സർക്കാർ ഫണ്ട് തന്നെ സ്ഥിരമായി കുടിശികയായതിനാൽ നിലവിലുള്ള രീതിയിൽ പദ്ധതി നടത്താൻ പോലും ബുദ്ധിമുട്ടുകയാണു സ്കൂൾ അധികൃതർ.

എൽപി സ്കൂളിൽ 6 രൂപയും യുപിയിൽ 8.17 രൂപയുമാണ് ഒരു കുട്ടിക്കുള്ള പ്രതിദിന ഉച്ചഭക്ഷണ വിഹിതം. സ്കൂളിലെ ഏതു ഫണ്ടും ഉപയോഗിച്ച് പദ്ധതി മുടക്കം വരാതെ മുന്നോട്ടു കൊണ്ടുപോകാമെന്നാണു വകുപ്പിന്റെ നിർദേശം. തദ്ദേശസ്ഥാപന സഹകരണത്തോടെയും സ്പോൺസർഷിപ്പിലൂടെയും എല്ലാ പ്രൈമറി സ്കൂളുകളിലും പ്രഭാത ഭക്ഷണം കൂടി ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.  

പരാതിപ്പെട്ടി വേണം

∙ പദ്ധതിയുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരാതികളും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമർപ്പിക്കാൻ പ്രത്യേകം പെട്ടി സ്ഥാപിക്കുകയും ഓരോ ആഴ്ചയും ഇവ പരിശോധിച്ചു പരിഹാരം കാണുകയും വേണം. ആഴ്ചയിൽ രണ്ടു ദിവസം പാലും(150 മി.ലീ വീതം) ഒരു ദിവസം മുട്ട അല്ലെങ്കിൽ നേന്ത്രപ്പഴം നൽകുന്ന അധിക പോഷണ പദ്ധതിയിൽ ഉൾപ്പെടുത്താൻ രക്ഷിതാക്കളിൽനിന്നു പ്രത്യേക സമ്മതപത്രം വാങ്ങണം.  

English Summary:

Budget Bites: Flavor Ban in School Lunches Sparks Outrage in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com