ADVERTISEMENT

തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്കൂൾ മേളകൾക്കുള്ള സർക്കാർ വിഹിതം വെട്ടിക്കുറച്ചതോടെ സബ്ജില്ലാ മേളയുടെ നടത്തിപ്പിനായി വിദ്യാർഥികളിൽനിന്ന് അനധികൃത പണപ്പിരിവ് വ്യാപകം. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 8–ാം ക്ലാസ് വരെയുള്ള വിദ്യാർഥികളിൽനിന്ന് ഒരുവിധ പണപ്പിരിവും പാടില്ലെന്നിരിക്കെയാണ് ഇത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളിൽനിന്ന് അധ്യയന വർഷത്തിന്റെ തുടക്കത്തിൽ മേളകൾക്കായി ഈടാക്കിയ തുകയ്ക്കു പുറമേ അധിക പിരിവും നടത്തുന്നു.

കുട്ടികളുടെ എണ്ണമനുസരിച്ച് നിശ്ചിത തുക പിരിച്ചു നൽകാനാണ് എഇഒ ഓഫിസുകളിൽനിന്നു സ്കൂളുകൾക്കുള്ള നിർദേശം. അധ്യാപകരിൽനിന്നും രക്ഷിതാക്കളിൽനിന്നും ലോട്ടറി മാതൃകയിൽ സമ്മാനക്കൂപ്പൺ അടിച്ച് വിതരണം ചെയ്തും പണം സ്വരൂപിക്കുന്നവരുമുണ്ട്. 

എൽപി സ്കൂൾ വിദ്യാർഥികളിൽനിന്നു 10 രൂപയും യുപിയിൽനിന്ന് 20 രൂപയുമാണ് പല സബ്ജില്ലകളിലും ഇപ്പോൾ നടത്തുന്ന പിരിവ്. ഹൈസ്കൂൾ, ഹയർസെക്കൻഡറി തലത്തിൽ 30 മുതൽ 50 രൂപ വരെ പിരിക്കുന്നു. അധ്യാപക വിഹിതം പല തലങ്ങളിലായി 250 മുതൽ 1500 രൂപ വരെയാണ്. സബ്ജില്ലാ തലത്തിൽ കലോത്സവത്തിനും കായിക മേളയ്ക്കും മാത്രമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വിഹിതം നൽകുന്നത്. ഇതിന്റെ പല മടങ്ങാണ് യഥാർഥ ചെലവ്. ശാസ്ത്രമേളയ്ക്കു വിഹിതവുമില്ല. അധിക തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണു വകുപ്പ് നിർദേശിച്ചിരിക്കുന്നതെങ്കിലും ഇതു പലയിടത്തും പ്രായോഗികമല്ലെന്ന് അധ്യാപകർ പറയുന്നു. 

കലോത്സവം: ലോഗോ ക്ഷണിച്ചു
∙ ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു. വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്കെല്ലാം പങ്കെടുക്കാം. അവസാന തീയതി നവംബർ 10. മേളയുടെ പ്രതീകങ്ങൾ, തീയതി, തിരുവനന്തപുരം ജില്ലയുടെ സവിശേഷതകൾ എന്നിവ ഉൾപ്പെടുത്തിയാകണം ലോഗോ . എഡിറ്റ് ചെയ്യാവുന്ന ഫോർമാറ്റിൽ സിഡിയും എ 4 സൈസ് പേപ്പറിൽ കളർ പ്രിന്റും അയയ്ക്കണം. കവറിന് പുറത്ത് 'കേരള സ്‌കൂൾ കലോത്സവം 2024-25' എന്ന് രേഖപ്പെടുത്തണം. വിലാസം: ആർ.എസ്.ഷിബു, പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ (ജനറൽ), പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം- 695014.

English Summary:

Funding Crisis: Are School Events Becoming Inaccessible to the Poor?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com