ഡിഎ വർധന: കുടിശിക 2021 ജൂലൈ മുതൽ ;40 മാസത്തെ കുടിശികയിൽ തീരുമാനമില്ല
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 2021 ജൂലൈയിലെ 3% ഡിഎ ഇന്നലെ പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ കുടിശിക നൽകുന്ന കാര്യത്തിൽ തീരുമാനമില്ല. ഇപ്പോൾ പ്രഖ്യാപിച്ച 3% ഡിഎക്ക് 2021 ജൂലൈ മുതൽ ഇൗ മാസം വരെ 40 മാസത്തെ കുടിശികയാണുള്ളത്. 2021 ജനുവരിയിൽ നൽകേണ്ട 2% ഡിഎ കഴിഞ്ഞ ഏപ്രിലിൽ സർക്കാർ അനുവദിച്ചിരുന്നു.
അന്നത്തെ 2% ഡിഎയുടെ 39 മാസത്തെ കുടിശിക ഇതുവരെ നൽകുകയോ എപ്പോൾ നൽകുമെന്നു പറയുകയോ ചെയ്തിട്ടില്ലാത്തതിനാൽ ആ തുക ഇനി ലഭിക്കുമെന്ന പ്രതീക്ഷ ജീവനക്കാർക്കില്ല. പ്രഖ്യാപനം വഴി സർക്കാരിന്റെ വാർഷിക ശമ്പളച്ചെലവിൽ ഏകദേശം 2,000 കോടി രൂപയുടെ വർധനയുണ്ടാകുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
ഇപ്പോൾ അടിസ്ഥാന ശമ്പളത്തിന്റെ 9% ഡിഎ ആണ് ജീവനക്കാർക്കു ലഭിക്കുന്നത്. 2021 ജൂലൈ 1 മുതൽ 7 ഗഡുക്കളായി 22 ശതമാനമാണ് കുടിശിക. 3% കൂടി ഡിഎ അനുവദിക്കുന്നതോടെ കുടിശിക 19 ശതമാനമായി കുറയും. 3% ഡിഎ വർധന നടപ്പാക്കുമ്പോൾ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന ഓഫിസ് അറ്റൻഡന്റുമാർക്ക് 710 രൂപയും കൂടുതൽ ശമ്പളം കൈപ്പറ്റുന്ന സെക്രട്ടേറിയറ്റ് സ്പെഷൽ സെക്രട്ടറിക്ക് 3,880 രൂപയും ശമ്പളത്തിൽ വർധിക്കും.
ഈ സാമ്പത്തിക വർഷം മുതൽ വർഷം 2 ഗഡു ഡിഎ, ഡിആർ ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിക്കുമെന്നു ജൂലൈയിൽ മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. അതിനാൽ ഡിഎ പ്രഖ്യാപനം ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായേക്കില്ല. അതേസമയം, കേന്ദ്ര സർക്കാർ ഇപ്പോൾ 3% ഡിഎ കൂടി അനുവദിച്ചതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ആകെ ഡിഎ 53 ശതമാനമായി.
ഡിഎ കിട്ടിയതും കിട്ടേണ്ടതും
∙2021 ജനുവരി 1: 2%
(ഏപ്രിലിൽ അനുവദിച്ചു)
∙2021 ജൂലൈ 1: 3%
(ഇന്നലെ പ്രഖ്യാപിച്ചു)
∙2022 ജനുവരി 1: 3%
(കുടിശിക)
∙2022 ജൂലൈ 1: 3%
(കുടിശിക)
∙2023 ജനുവരി 1: 4%
(കുടിശിക)
∙2023 ജൂലൈ 1: 3%
(കുടിശിക)
∙2024 ജനുവരി 1: 3%
(കുടിശിക)
∙2024 ജൂലൈ 1: 3%
(കുടിശിക)
∙ ആകെ കുടിശിക: 19%