ദലിത്വിരുദ്ധ പരാമർശത്തിൽ മാപ്പു ചോദിച്ച് പി.വി.അൻവർ
Mail This Article
മലപ്പുറം ∙ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നു പി.വി.അൻവർ എംഎൽഎ. പരാമർശങ്ങൾ ദലിത് വിരുദ്ധമാണെന്ന ആരോപണം വ്യക്തിവൈരാഗ്യത്തിന്റെ പുളിച്ചുതികട്ടലല്ലാതെ മറ്റൊന്നുമല്ല. ദലിത് വിഭാഗത്തിൽപെട്ടവർ മേക്കപ്പിട്ടു നടക്കരുതെന്ന നിലപാട് ഇവിടെ ആർക്കുമില്ല.
ദലിത് വിഭാഗത്തിൽനിന്ന് ഉയർന്നുവന്ന നേതാക്കൾ അധികാര സ്ഥാനങ്ങളിലെത്തിയാൽ വന്നവഴി മറക്കുകയും തങ്ങളെ നേതാക്കളാക്കിയ ജനങ്ങളെ അവഗണിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ആരുടെ പ്രതിനിധികളായാണോ പാർലമെന്റിലും നിയമസഭയിലുമെത്തുന്നത് അവരെ മറക്കുന്നുവെന്ന വിമർശനം ആ വിഭാഗത്തിൽപെട്ടവർ തന്നെ നിരന്തരമുയർത്തുന്നതാണ്. ഇത് ഏതെങ്കിലും ദലിത് സ്ത്രീ നേതാവിനെതിരെയുള്ളതല്ല. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അൻവർ പറഞ്ഞു.
ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസുമായി ബന്ധപ്പെട്ട് അൻവർ നടത്തിയ പരാമർശമാണു വിവാദമായത്. ദലിത് സമുദായത്തിൽനിന്നു വരുന്ന പല നേതാക്കളും പാർലമെന്റിലേക്കോ നിയമസഭയിലേക്കോ ജയിച്ചാൽ സമുദായത്തെ തിരിഞ്ഞുനോക്കാറില്ല. പിന്നീട് സമുദായത്തിന്റെ പേരു പറയുന്നതുപോലും പലർക്കും ഇഷ്ടമല്ല. അതിനായി ലിപ്‌സ്റ്റിക് തേച്ച് ചുണ്ടു ചുവപ്പിച്ചു നടക്കുന്നവരുണ്ട്. കാറിൽ മേക്കപ്പ് സെറ്റ് കൊണ്ടുനടക്കുന്നവരെ എനിക്കറിയാമെന്നുമായിരുന്നു അൻവറിന്റെ പരാമർശം.