എഴുത്തുകാരി സരസ്വതി എസ്.വാരിയർ അന്തരിച്ചു
Mail This Article
തൃശൂർ ∙ എഴുത്തുകാരിയും വിവർത്തകയുമായ തിരുവമ്പാടി വാരിയം ലെയ്ൻ നിർമല നിവാസിൽ സരസ്വതി എസ്.വാരിയർ (98) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
പാലക്കാട് ജില്ലയിലെ കോതച്ചിറ ആത്രശ്ശേരി വാരിയത്ത് 1926ൽ ജനിച്ചു. ഒട്ടേറെ തമിഴ് കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. സ്വാമി ചന്ദ്രശേഖരേന്ദ്ര സരസ്വതിയുടെ അരുൾമൊഴികൾ, വേദ മതം, സൗന്ദര്യലഹരി എന്നിവ തമിഴിൽ നിന്ന് വിവർത്തനം ചെയ്തു. അരനൂറ്റാണ്ടിലേറെ ശ്രീഗുരുവായൂരപ്പൻ മാസികയിൽ തുടർച്ചയായി എഴുതി.
രമണമഹർഷിയുടെ സംഭാഷണങ്ങളുടെ വിവർത്തനങ്ങളായ വചനാമൃതം, രമണാമൃതം, രമണമഹർഷിയുടെ ജീവിതചരിതം, അരുണാചല അക്ഷരമണമാല, തിരുവാചകത്തിന്റ വ്യാഖ്യാനം, പെരിയപുരാണം (പുനരാഖ്യാനം), സ്വാമി സുഖബോധാനന്ദയുടെ 'മനസേ റിലാക്സ് പ്ലീസ്' എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ലളിതാസഹസ്രനാമത്തിന്റെ വ്യാഖ്യാനം, നവരാത്രി സ്തുതികളുടെ സമാഹാരമായ ഗൃഹദീപം തുടങ്ങിയും പ്രധാനകൃതികളാണ്.
ഭർത്താവ്: കോഴിക്കോട് ചാലപ്പുറത്ത് വാരിയത്ത് പരേതനായ ശങ്കര വാരിയർ. മക്കൾ: പരേതനായ എ.വി.ഗോപാലകൃഷ്ണ വാരിയർ, മിനി പ്രഭാകരൻ (റിട്ട: ധനലക്ഷ്മി ബാങ്ക്), രാജി രാജൻ (ആലുവ), എ.വി.ഹരിശങ്കർ (എഡിറ്റർ ഇൻ ചാർജ്, ബാലരമ), പരേതയായ അനിത. മരുമക്കൾ: ഗിരിജ, പരേതനായ എൻ.എം. പ്രഭാകരൻ, ടി.വി.രാജൻ, ഡോ.ജ്യോത്സ്ന കാവ്.