കൈക്കൂലിപ്പണത്തിന് സ്വർണം പണയംവച്ചു; ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇന്ന് പരിയാരത്ത്
Mail This Article
കണ്ണൂർ ∙ പെട്രോൾ പമ്പിന് എൻഒസി ലഭിക്കാൻ എഡിഎമ്മിനു കൈക്കൂലി നൽകിയെന്നാണ് കേസന്വേഷിക്കുന്ന ടൗൺ സിഐ ശ്രീജിത്ത് കൊടേരിക്കു ടി.വി.പ്രശാന്ത് രണ്ടാം തവണയും മൊഴി നൽകിയത്. ‘ഒരു ലക്ഷം രൂപ തരപ്പെടുത്താൻ ഭാര്യയുടെ സ്വർണം പണയംവച്ചെന്ന്’ ഇദ്ദേഹം മൊഴി നൽകിയതായി അറിയുന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
പല സുഹൃത്തുക്കളിൽനിന്നായി പണം കടംവാങ്ങിയെന്നായിരുന്നു ആദ്യദിവസം പ്രശാന്ത് പറഞ്ഞിരുന്നത്. ഒരു ലക്ഷം രൂപ ഒത്തില്ല, കയ്യിലുണ്ടായിരുന്ന 98,500 നൽകിയെന്നുമായിരുന്നു അന്നു പറഞ്ഞത്. ഒരു ലക്ഷംരൂപ എടുക്കാനില്ലാത്ത ആൾ എങ്ങനെ ഒന്നരക്കോടി രൂപ മുതൽമുടക്കുള്ള സംരംഭം തുടങ്ങും എന്ന ചോദ്യവും ഉയരുന്നുണ്ട്.
മെഡിക്കൽ കോളജ് ജീവനക്കാരനായ ടി.വി.പ്രശാന്തിനെതിരെ ആരോഗ്യവകുപ്പ് നടത്തുന്ന അന്വേഷണത്തിന് പ്രിൻസിപ്പൽ സെക്രട്ടറി ഇന്ന് പരിയാരത്തെത്തും. പ്രശാന്തിനെ സർവീസിൽനിന്നു പുറത്താക്കുമെന്നു മന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.