ADVERTISEMENT

തലശ്ശേരി ∙ എഡിഎം കെ.നവീൻ ബാബുവിനെതിരെ നൽകിയ പരാതിയിൽ, പെട്രോൾ പമ്പ് അപേക്ഷകനായ ടി.വി.പ്രശാന്തിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയെന്ന് പി.പി.ദിവ്യയുടെ അഭിഭാഷകൻ വാദിച്ചു. എഡിഎം കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്തിയതെന്നും വിജിലൻസ് ഓഫിസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും വാദിച്ചു. എന്നാൽ, പ്രശാന്ത് വിജിലൻസിനോ മുഖ്യമന്ത്രിയുടെ ഓഫിസിനോ നൽകിയ പരാതിയുടെ പകർപ്പ് ഹാജരാക്കിയിട്ടില്ല. 

ഇങ്ങനെയൊരു മൊഴിയെടുപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് എഡിഎമ്മിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. വിജിലൻസിന് പരാതി നൽകിയതായി പ്രശാന്ത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 10ന് മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന പരാതിയുടെ പകർപ്പാണ് മാധ്യമങ്ങൾക്ക് കൈമാറിയത്. ഇങ്ങനെയൊരു പരാതി  ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിക്കാത്ത പരാതിയിൽ വിജിലൻസ് മൊഴിയെടുത്തെങ്കിൽ അതിനു പിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നതായും സംശയിക്കുന്നു.

പണം നൽകിയെന്ന് പ്രശാന്ത്; പക്ഷേ, തെളിവില്ല

തിരുവനന്തപുരം ∙ നവീൻ ബാബുവിന് ആദ്യം അര ലക്ഷം രൂപ വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അതു സമ്മതിച്ചില്ലെന്നാണ് അന്വേഷണത്തിന്റെ ഭാഗമായി നൽകിയ മൊഴിയിൽ ടി.വി.പ്രശാന്ത് വാദിച്ചത്. അതു പോരെന്നു നവീൻ പറഞ്ഞതോടെ, സഹോദരിക്കു കൊടുക്കേണ്ടിയിരുന്ന 35,000 രൂപ കൂടിയെടുത്തു. മറ്റു പലരിൽനിന്നുമായി പണം വാങ്ങിയാണു നവീന്റെ ക്വാർട്ടേഴ്സിൽ എത്തിയത്. ഒരു ലക്ഷം രൂപ തികച്ചില്ലെന്നു പറഞ്ഞപ്പോൾ നവീൻ അസ്വസ്ഥനായി. ഒടുവിൽ ‘അത് അവിടെ വച്ചിട്ടു പോകൂ’ എന്നു പറഞ്ഞെന്നും അവകാശപ്പെട്ടു. 

ഇതിന്റെ തെളിവുകളോ സാക്ഷികളോ ഉണ്ടോയെന്നു ചോദിച്ചപ്പോൾ പ്രശാന്ത് കൈമലർത്തി. പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിഷ്യൻ എങ്ങനെയാണു 2 കോടി രൂപവരെ ചെലവാകുന്ന പെട്രോൾ പമ്പ് തുടങ്ങുന്നതെന്നു ചോദിച്ചപ്പോൾ അനുമതി ലഭിച്ചാൽ പണം പല ഭാഗത്തുനിന്നും വരുമെന്നായിരുന്നു പ്രശാന്തിന്റെ മറുപടി.

പ്രശാന്ത് ചട്ടം ലംഘിച്ചോ? അന്വേഷണ റിപ്പോർട്ട് ഇന്ന്

തിരുവനന്തപുരം ∙ പെട്രോൾ പമ്പ് അനുമതിക്കായി എഡിഎം കെ.നവീ‍ൻ ബാബുവിനു കൈക്കൂലി നൽകിയെന്ന് ആരോപണമുന്നയിച്ച ടി.വി.പ്രശാന്ത് സർവീസ് ചട്ടങ്ങൾ ലംഘിച്ചോ എന്നതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഇന്നു സർക്കാരിനു നൽകും. ആരോഗ്യ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെയും മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. കെ.വി.വിശ്വനാഥനുമാണ് അന്വേഷണം നടത്തുന്നത്.

പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഇലക്ട്രിഷ്യനാണ് പ്രശാന്ത്. സഹകരണമേഖലയിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തിരുന്നു. സഹകരണ സ്ഥാപനം നിയമിച്ച ജീവനക്കാരെ ആരോഗ്യ വകുപ്പ് നിലനിർത്തുമെന്നാണു കരാർ. അതിനാൽ പ്രശാന്തിനെയും വൈകാതെ സ്ഥിരപ്പെടുത്തേണ്ടിവരും. കൈക്കൂലി നൽകിയെന്നു സമ്മതിച്ച സാഹചര്യത്തിൽ പ്രശാന്തിനെതിരെ എന്തു നടപടി സ്വീകരിക്കണമെന്നു നിർദേശിക്കുന്നതാകും റിപ്പോർട്ട്.

English Summary:

Arguement that Vigilance took TV Prasanth's statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com