ദിവ്യയ്‌ക്കെതിരെ മൊഴി നൽകി കലക്ടറും ഡപ്യൂട്ടി കലക്ടറും; ക്യാമറമാനെ വിളിച്ചതും ദൃശ്യങ്ങൾ പ്രചരിപ്പിച്ചതും ദിവ്യയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ
Mail This Article
തലശ്ശേരി ∙ എഡിഎം കെ.നവീൻബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരെ കലക്ടർ അരുൺ കെ.വിജയൻ, ഡപ്യൂട്ടി കലക്ടർ കെ.വി.ശ്രുതി, കണ്ണൂർ വിഷൻ ബ്യൂറോ ചീഫ് മനോജ് മയ്യിൽ എന്നിവരുടെ മൊഴി. പൊലീസ് രേഖപ്പെടുത്തിയ ഈ മൊഴികൾ വിശദീകരിച്ചാണ് പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത് കുമാർ ഇന്നലെ കോടതിയിൽ വാദിച്ചത്. എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തിൽ പങ്കെടുത്തത് കലക്ടറുടെ ക്ഷണപ്രകാരമെന്ന ദിവ്യയുടെ വാദത്തിനെതിരാണ് കലക്ടറുടെ മൊഴി. ചടങ്ങ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണെന്നും അവർ ക്ഷണിച്ചിട്ടാണ് താനും പങ്കെടുത്തതെന്നും കലക്ടറുടെ മൊഴിയിലുണ്ട്.
ക്ഷണിക്കേണ്ടത് താൻ അല്ലെങ്കിലും അന്നു രാവിലെ മറ്റൊരു പരിപാടിയിൽ ദിവ്യയ്ക്കൊപ്പം പങ്കെടുത്തപ്പോൾ വൈകിട്ട് എഡിഎമ്മിന്റെ യാത്രയയപ്പുയോഗം നടക്കുന്ന കാര്യം പറഞ്ഞിരുന്നു. പെട്രോൾ പമ്പിന് എൻഒസി നൽകുന്നത് എഡിഎം വൈകിപ്പിച്ചെന്നും കൈക്കൂലി വാങ്ങിയെന്നും അപ്പോൾ ദിവ്യ പറഞ്ഞു. തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്നും പരാതിയുണ്ടെങ്കിൽ സർക്കാർ സംവിധാനത്തിലൂടെ നൽകണമെന്നുമാണു മറുപടി പറഞ്ഞത്. യാത്രയയപ്പുയോഗം തുടങ്ങിയോ എന്നു ചോദിച്ച് വൈകിട്ട് 3.30ന് ദിവ്യ വീണ്ടും വിളിച്ചു. രാവിലത്തെ ആരോപണം ഉന്നയിക്കേണ്ട വേദിയല്ല യാത്രയയപ്പുയോഗമെന്ന് അപ്പോഴും ദിവ്യയോടു പറഞ്ഞിരുന്നുവെന്നും കലക്ടറുടെ മൊഴിയിൽ പറയുന്നു.
യോഗത്തിൽ തന്നെ സംസാരിക്കാൻ ക്ഷണിച്ചത് ഡപ്യൂട്ടി കലക്ടർ കെ.വി.ശ്രുതിയാണെന്നാണു ദിവ്യയുടെ മറ്റൊരു വാദം. എന്നാൽ, വേദിയിലേക്കു കടന്നുവന്ന ദിവ്യ, മൈക്രോഫോൺ സ്വയം ഓൺ ചെയ്ത് സംസാരിക്കാൻ തുടങ്ങുകയായിരുന്നുവെന്നാണു ശ്രുതിയുടെ മൊഴി. യോഗത്തിലേക്കു ക്യാമറമാനെ അയയ്ക്കണമെന്നാവശ്യപ്പെട്ട് ഉച്ചയ്ക്ക് 2.10ന് ദിവ്യ വിളിച്ചിരുന്നതായി കണ്ണൂർ വിഷൻ ചാനൽ ബ്യൂറോ ചീഫ് മനോജ് മയ്യിലിന്റെ മൊഴിയിൽ പറയുന്നു. ദിവ്യ ആവശ്യപ്പെട്ടതു പ്രകാരം ക്യാമറ യൂണിറ്റ് അയച്ചു.
പരിപാടി കഴിഞ്ഞശേഷം ദൃശ്യങ്ങൾ ആവശ്യപ്പെട്ടു വീണ്ടും വിളിച്ചു. വാർത്ത നൽകും മുൻപേ ദൃശ്യങ്ങൾ ദിവ്യയ്ക്ക് അയച്ചുകൊടുത്തതെന്നും മനോജിന്റെ മൊഴിയിലുണ്ട്. ഈ ദൃശ്യങ്ങൾ ദിവ്യതന്നെയാണു മറ്റു ചാനലുകൾക്കും വിവിധ ഗ്രൂപ്പുകളിലും ഫോർവേഡ് ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. റവന്യു ഉദ്യോഗസ്ഥരുടെ വിവിധ ഗ്രൂപ്പുകളിലൂടെ നിമിഷങ്ങൾക്കകം ഇതു പ്രചരിച്ചതോടെ നവീൻബാബു മാനസിക സംഘർഷത്തിലായെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.
ദിവ്യയുടെ വാക്കുകളിൽ ഭീഷണി: പ്രോസിക്യൂഷൻ
തലശ്ശേരി ∙ കൂടുതൽ വിവരങ്ങൾ 2 ദിവസം കൊണ്ടു വ്യക്തമാകുമെന്ന് എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പുയോഗത്തിൽ പി.പി.ദിവ്യ പറഞ്ഞതിൽ ഭീഷണിയുടെ സ്വരമാണുള്ളതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളെ ക്ഷണിച്ചതും പ്രസംഗം റിക്കോർഡ് ചെയ്തതും ദൃശ്യങ്ങൾ ചോദിച്ചുവാങ്ങിയതും ഗൂഢ ഉദ്ദേശ്യത്തോടെയാണെന്നും ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ വാദിച്ചു.
‘ആ മകളെ ഓർക്കൂ’
ദിവ്യയുടെ മകളുടെ കാര്യമല്ല, നവീൻ ബാബുവിന്റെ അന്ത്യകർമം ചെയ്യേണ്ടിവന്ന മകളുടെ അവസ്ഥയാണ് പരിഗണിക്കേണ്ടതെന്ന് നവീൻ ബാബുവിന്റെ ഭാര്യയ്ക്കുവേണ്ടി ഹാജരായ ജോൺ എസ്.റാൽഫ് വാദിച്ചു. കുടുംബം പ്രതിസന്ധിയിലാണ്, മകൾ 10–ാം ക്ലാസ് വിദ്യാർഥിയാണ് തുടങ്ങിയ കാര്യങ്ങൾ ജാമ്യം ഹർജിയിൽ ദിവ്യ ചൂണ്ടിക്കാട്ടിയിരുന്നു.