മൃതദേഹം പരിശോധിക്കുന്നതിനിടെ ‘പരേതൻ’ കാലൊന്നിളക്കി; റിയാസിനെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി പൊലീസ്
Mail This Article
ആലപ്പുഴ∙ മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നറിയാൻ മൃതദേഹത്തിന്റെ കിടപ്പ് ഡിവൈഎസ്പി പരിശോധിക്കുന്നതിനിടെ ‘പരേതൻ’ കാലൊന്നിളക്കി; മണിക്കൂറുകളോളം നിർജീവമായിക്കിടന്ന ശരീരത്തിലെ ആദ്യത്തെ അനക്കം. പകച്ചുപോയ പൊലീസുകാർ, ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ് ഉടൻ ആംബുലൻസ് വിളിച്ചുവരുത്തി അതിവേഗം ആശുപത്രിയിലെത്തിച്ചു. അതിനു ഫലമുണ്ടായി. റിയാസ് (47) പക്ഷാഘാതത്തിന്റെ അപകടനില തരണം ചെയ്തു.
ജില്ലാക്കോടതിക്കു പിന്നിലെ ജുമാമസ്ജിദിന്റെ കോംപ്ലക്‌സിൽ ഒറ്റയ്ക്കു വാടകയ്ക്കു കഴിയുകയായിരുന്നു സ്റ്റേഡിയം വാർഡ് ഹാജി മൻസിലിൽ റിയാസ്. കുറച്ചു നാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. ബുധനാഴ്ച രാത്രി ഇവിടെയെത്തിയ സഹോദരീഭർത്താവാണു റിയാസ് ‘മരിച്ചു’ കിടക്കുന്നതായി കണ്ടത്.
ശരീരത്തിന്റെ പകുതി ഭാഗം കട്ടിലിലും ബാക്കി നിലത്തുമായി മലർന്നു കിടക്കുന്ന സ്ഥിതിയിലായിരുന്നു. വാതിൽ അകത്തു നിന്നു പൂട്ടിയിരുന്നു. ഉടൻ നോർത്ത് സ്റ്റേഷനിൽ വിവരമറിയിച്ചു. അവിടെ നിന്നു 2 പൊലീസുകാരെത്തി വാതിൽ കുത്തിത്തുറന്നു പരിശോധിച്ച് ‘മരണം’ സ്ഥിരീകരിച്ചു. എഫ്ഐആറും തയാറാക്കി. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ഇതിനിടെ ഡിവൈഎസ്പി: മധു ബാബുവിനെ പൊലീസ് അറിയിച്ചു. പുലർച്ചെ മൂന്നോടെ അദ്ദേഹം സ്ഥലത്തെത്തി.
കുനിഞ്ഞു നിന്ന് മൃതദേഹം പരിശോധിക്കുമ്പോഴാണു ‘പരേതൻ’ മടങ്ങിയിരുന്ന കാൽ നീട്ടിവച്ചത്. തുടർന്ന് ആംബുലൻസിൽ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി. പക്ഷാഘാതം വന്നു ശരീരം നിശ്ചലമായതാണെന്നു പരിശോധനയിൽ ബോധ്യമായി. ഇന്നലെ രാവിലെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച റിയാസ് അപകടനില തരണം ചെയ്തു വരികയാണ്.