‘മരണഭയത്തെക്കാൾ വലുതാണ് അഭിമാനം’: നവീന്റെ ഭാര്യ
Mail This Article
തലശ്ശേരി ∙ ‘അഭിമാനമാണ് മരണഭയത്തെക്കാൾ വലുതെന്നു ഞാൻ കരുതുന്നു’– വില്യം ഷെയ്ക്സ്പിയറിന്റെ നാടകം ‘ദ് ട്രാജഡി ഓഫ് ജൂലിയസ് സീസറി’ലെ കഥാപാത്രം ബ്രൂട്ടസിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷകൻ ജോൺ എസ്.റാൽഫ് വാദം അവസാനിപ്പിച്ചത്. നവീൻ ബാബുവിനെ വ്യക്തിഹത്യ ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ദിവ്യ യാത്രയയപ്പുയോഗത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയത്. അഴിമതി നടന്നെങ്കിൽ പരാതി നൽകേണ്ടത് ഔദ്യോഗിക വഴിയിലൂടെയായിരുന്നു. എന്നാൽ, അങ്ങനെയൊരു പരാതിയുണ്ടായില്ല. എഡിഎമ്മിനെതിരെ ടി.വി.പ്രശാന്ത് നൽകിയെന്നു പറയുന്ന പരാതിയിൽ വൈരുധ്യങ്ങളാണ്. പേരും ഒപ്പും വ്യത്യസ്തമാണ്.
ദിവ്യയുടെ പ്രസംഗത്തിലെ ഓരോ വാക്കും എടുത്തുപറഞ്ഞാണ് ജോൺ എസ്.റാൽഫ് വാദം ഉന്നയിച്ചത്. ‘ഒരുതവണ ഇദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. അത് ചെങ്ങളായിയിലെ പെട്രോൾ പമ്പിന്റെ എൻഒസിയുമായി ബന്ധപ്പെട്ടുള്ളതാണ്. എഡിഎം ആ സൈറ്റിൽ പോയി നോക്കണം എന്നു പറഞ്ഞു’. എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനോട് സ്ഥലം സന്ദർശിക്കാൻ നിർദേശിക്കുന്നതെങ്ങനെയാണ്? ഇതെങ്കിലും നടക്കുമോ എന്നാണ് എഡിഎമ്മിനോടു ചോദിച്ചത്. നിയമവിരുദ്ധമായി അനുമതി നൽകാത്തതാണ് എഡിഎമ്മിനോട് ദിവ്യയ്ക്കു വൈരാഗ്യം വരാൻ കാരണം. പെട്രോൾ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരിധിയിൽ വരില്ല. പിന്നെയെങ്ങനെ ദിവ്യ ഇടപെട്ടു? പെട്രോൾ പമ്പ് ബെനാമി ഇടപാടാണ്. അതിൽ ദിവ്യയുടെ പങ്ക് അന്വേഷിക്കണം.
എഡിഎമ്മിന് ഉപഹാരം നൽകുന്ന സമയത്ത് എഴുന്നേറ്റുപോയത് അപമാനിക്കാൻ വേണ്ടിയാണ്. കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്ന് അവർതന്നെ പ്രസംഗത്തിൽ പറയുന്നുണ്ട്. എന്നിട്ടും പൊതുവേദിയിൽ അപമാനിക്കുകയായിരുന്നു. ആ വേദിയിൽ തിരിച്ചുപറയാതിരുന്നത് നവീന്റെ മാന്യതയാണ്. സമൂഹമധ്യത്തിൽ നവീൻ ബാബുവിനെ അപമാനിക്കുകയായിരുന്നു ലക്ഷ്യം. ആ വിഡിയോ നവീൻ ബാബുവിന്റെ നാടായ പത്തനംതിട്ടയിലടക്കം പ്രചരിച്ചു. ഇത് ആത്മഹത്യയ്ക്കുള്ള പ്രേരണ തന്നെയാണ് – അദ്ദേഹം വാദിച്ചു.