11 അടി ഉയരത്തിൽ നിന്നൊരു ചാട്ടം, പരുക്കേറ്റ സൈനികന് രക്ഷകയായി; മലയാളി പൈലറ്റിന് അഭിനന്ദന പ്രവാഹം
Mail This Article
കോട്ടയം ∙ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റു മരണത്തോടു മല്ലടിച്ച സൈനികനെ ഹെലികോപ്റ്ററിലെത്തി 11 അടി ഉയരത്തിൽനിന്നു ചാടിയിറങ്ങി രക്ഷപ്പെടുത്തിയ വനിതാ പൈലറ്റിനെ പ്രശംസ കൊണ്ടു മൂടുകയാണ് മഹാരാഷ്ട്ര പൊലീസ്. ആ പൈലറ്റ് റീന വർഗീസ് പത്തനംതിട്ട സ്വദേശിനിയാണ്.
മഹാരാഷ്ട്രയിലെ കോപർശി ഉൾക്കാടുകളിൽ നടന്ന ആക്രമണത്തിൽ വെടിയേറ്റുവീണ സൈനികനെ ആക്രമണം തുടരുന്നതിനിടെയാണ് അതിസാഹസികമായി റീന രക്ഷപ്പെടുത്തിയതെന്ന് മഹാരാഷ്ട്ര പൊലീസ് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ പവൻഹംസ് ഹെലികോപ്റ്റർ കമ്പനിയിൽ പൈലറ്റായ റീനയുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണ് സൈനികരും. പ്രത്യേക സൈനിക പരിശീലനം ലഭിച്ചിട്ടില്ലാത്ത പൈലറ്റാണ് ഇത്തരത്തിൽ രക്ഷാപ്രവർത്തനം നടത്തിയതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 15 വർഷമായി പൈലറ്റായി പ്രവർത്തിക്കുന്ന റീന വർഗീസ് മനോരമയോടു സംസാരിക്കുന്നു.
Q എങ്ങനെയായിരുന്നു ആ അനുഭവം.
A രാജ്യത്തിനായി പോരാടുന്ന സൈനികനെ ഏതുവിധേനയും രക്ഷപ്പെടുത്തുക എന്നു മാത്രമേ ചിന്തിച്ചുള്ളൂ. മരണം ഒരിക്കലല്ലേ സംഭവിക്കൂ. അതിനു മുൻപ് എന്തെങ്കിലും നല്ലതു ചെയ്യണമെന്ന ആഗ്രഹം മാത്രം.
Q എങ്ങനെ ഈ മേഖലയിൽ എത്തി.
A ചെറുപ്പം മുതൽ സാഹസികമായ കാര്യങ്ങൾ ചെയ്യണമെന്നും പറക്കണമെന്നും ആഗ്രഹിച്ചു. മൈലപ്ര മൗണ്ട് ബഥനിയിലാണ് 10 വരെ പഠിച്ചത്. തുടർന്ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസിൽ പ്ലസ്ടു പഠനം. കോയമ്പത്തൂരിലായിരുന്നു എയ്റോനോട്ടിക്കൽ എൻജിനീയറിങ് പഠനം. തുടർന്ന് അമേരിക്കയിൽ പൈലറ്റ് പരിശീലനം.
Q ഏറ്റവും അഭിമാനം തോന്നിയ നിമിഷം.
A കോവിഡ് രോഗികളെ ലക്ഷദ്വീപിൽനിന്നും ഓഖി ദുരന്തകാലത്തു പെട്ടുപോയവരെ വിവിധ ദ്വീപുകളിൽനിന്നും രക്ഷിച്ചിരുന്നു. ഛത്തീസ്ഗഡിലും മറ്റും മുൻപും മാവോയിസ്റ്റ് ആക്രമണത്തിനിടെ ജോലി ചെയ്യേണ്ടിവന്നിട്ടുണ്ട്.
Q സ്ത്രീകൾക്കു കടന്നുവരാവുന്ന മേഖലയാണോ.
A ഇന്ത്യയിലാണ് ഏറ്റവും അധികം വനിതാ പൈലറ്റുമാരുള്ളത്. ഹെലികോപ്റ്റർ പറത്തുന്നത് അൽപം കൂടി സാഹസികമാണ്. മനസ്സിലെ ആഗ്രഹത്തിനൊപ്പം പറക്കുക; ആൺ-പെൺ വ്യത്യാസമില്ലാതെ. പറക്കാൻ ആഗ്രഹിക്കുന്ന എന്നോട് നടക്കാൻ പറയരുത് എന്നതാണ് എന്റെ മുദ്രാവാക്യം.