നൂറുദിന കർമപരിപാടി: പൂർത്തീകരിച്ചെന്ന് സർക്കാർ പറയുന്ന പദ്ധതികളിൽ പലതും തുടങ്ങിയിട്ടുപോലുമില്ല
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ നാലാം 100 ദിന കർമപരിപാടി ലക്ഷ്യത്തിലെത്തിയില്ല. ഈ മാസം 22ന് 100 ദിനം പിന്നിട്ടപ്പോൾ 88% പദ്ധതികൾ പൂർത്തീകരിച്ചതായാണു സർക്കാർ അവകാശപ്പെടുന്നത്. ഇതിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷൻ ചെയ്തെന്നതുൾപ്പെടെ തെറ്റായ അവകാശവാദങ്ങളും കടന്നുകൂടി. സർക്കാരിന്റെതന്നെ പ്രഖ്യാപനമനുസരിച്ച് തുറമുഖം കമ്മിഷനിങ് ഡിസംബറിൽ നടക്കാനിരിക്കുന്നതേയുള്ളൂ.
പൂർത്തീകരിച്ചതായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പല പദ്ധതികളും തുടങ്ങിയിട്ടുപോലുമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. വൻ ചെലവുള്ള പശ്ചാത്തലവികസന പദ്ധതികളാണു പെരുവഴിയിലായതിൽ ഏറെയും.
ജൂലൈ 15ന് ആരംഭിച്ച കർമപരിപാടിയിൽ 47 വകുപ്പുകളിലായി 879 പശ്ചാത്തലവികസന പദ്ധതികളും 202 ക്ഷേമപദ്ധതികളും ഉൾപ്പെടെ 1081 പദ്ധതികളാണു ലക്ഷ്യമിട്ടത്. ഇതിൽ 954 എണ്ണം പൂർത്തീകരിച്ചെന്നും 127 എണ്ണം ബാക്കിയുണ്ടെന്നുമാണു സർക്കാരിന്റെ കണക്ക്. 8881.76 കോടി രൂപ ചെലവുള്ള വിഴിഞ്ഞം തുറമുഖം ആയിരുന്നു ഏറ്റവും വലിയ പദ്ധതി. തുറമുഖ വകുപ്പിന്റെ 7 പദ്ധതികളും പൂർത്തിയാക്കിയെന്ന് അവകാശപ്പെട്ടാണ് വിഴിഞ്ഞം കമ്മിഷനിങ് കഴിഞ്ഞെന്നു പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ടാമത്തെ പ്രധാന പദ്ധതിയായ 2399.32 കോടി ചെലവുള്ള മറൈൻ ഡ്രൈവിലെ മറൈൻ ഇക്കോസിറ്റിയുടെ നിർമാണോദ്ഘാടനം നടത്താനായില്ലെന്നു സർക്കാർ സമ്മതിക്കുന്നു. ഇതിനു പരിസ്ഥിതി അനുമതി പോലും ലഭിച്ചിട്ടില്ല. മിക്ക വകുപ്പുകളുടെയും അവകാശവാദത്തിൽ പൊരുത്തക്കേടുണ്ട്. 17 പദ്ധതികളും ‘പൂർത്തീകരിച്ച’ ഗതാഗത വകുപ്പ് വാഗ്ദാനം ചെയ്ത ബസുകളും ബോട്ടുകളും വാങ്ങിയിട്ടില്ല. പതിനേഴും പൂർത്തിയായെന്ന് അവകാശപ്പെടുന്ന ആയുഷ് വകുപ്പ് സംസ്ഥാനത്തു 10,000 യോഗാ ക്ലബ്ബുകൾ സെപ്റ്റംബർ 20ന് ആരംഭിച്ചെന്ന തെറ്റായ വിവരമാണു നൽകിയിരിക്കുന്നത്. ആകെയുള്ള 21 പദ്ധതികളും ‘പൂർത്തീകരിച്ച’ ഫിഷറീസ് വകുപ്പിന്റെ പട്ടികയിലുള്ളവയിൽ 2.4 കോടിയുടെ കോട്ടയം കോടിമത ഫിഷ് മാർക്കറ്റ് ഉൾപ്പെടെ പലതും തുടങ്ങിയിട്ടില്ല.
സർക്കാർ കണക്കിൽ തീരാനുള്ളത് 127 പദ്ധതികൾ മാത്രം (ബ്രാക്കറ്റിൽ വകുപ്പിന്റെ ആകെ പദ്ധതി)
ആഭ്യന്തരം: 12 (85)
ഐടി: 12 (36)
ഉൾനാടൻ ജലഗതാഗതം: 2 (6)
ഉന്നതവിദ്യാഭ്യാസം: 1 (41)
എക്സൈസ്: 2 (6)
കായികം: 13 (72)
കൃഷി: 3 (17)
ഗതാഗതം: 7 (17)
ജലവിഭവം: 19 (61)
തദ്ദേശം: 16 (71)
ദുരന്തനിവാരണം: 5 (6)
ധനകാര്യം: 3 (5)
നോർക്ക: 2 (4)
ന്യൂനപക്ഷ ക്ഷേമം: 5 (13)
മരാമത്ത്: 7 (73)
ഭവനനിർമാണം: 1 (11)
റജിസ്ട്രേഷൻ: 3 (11)
ടൂറിസം: 7 (34)
സാമൂഹികനീതി: 2 (9)
സാംസ്കാരികം: 4 (47)
റവന്യു: 1 (25)