ADVERTISEMENT

തിരുവനന്തപുരം ∙ തോമസ് കെ.തോമസ് എംഎൽഎക്കെതിരെയുള്ള കൂറുമാറ്റ ആരോപണത്തെക്കുറിച്ചുള്ള സൂചനകൾ എൻസിപി കേന്ദ്രനേതൃത്വത്തിനു നേരത്തേ ലഭിച്ചു. തോമസിനെ മന്ത്രിയായി മുഖ്യമന്ത്രി അംഗീകരിക്കാൻ സാധ്യതയില്ലെന്ന സൂചന അടങ്ങിയ കത്ത് മന്ത്രി എ.കെ.ശശീന്ദ്രനാണ് ദേശീയ അധ്യക്ഷൻ ശരദ് പവാറിനു നൽകിയത്. 

മന്ത്രിമാറ്റം ചർച്ച ചെയ്യാനായി സെപ്റ്റംബർ 20ന് കേരളത്തിലെ നേതാക്കളെ വിളിപ്പിച്ചപ്പോൾ കത്തിലെ സൂചനകളെക്കുറിച്ചു പവാർ ചോദിച്ചു. എന്നാൽ ഗുരുതരമായ പ്രശ്നങ്ങളില്ലെന്നും പാർട്ടി തീരുമാനമെടുത്താൽ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താനാകുമെന്നുമുള്ള വിശ്വാസമാണു ചാക്കോയും തോമസും പങ്കുവച്ചത്. അജിത് പവാർ പക്ഷത്തേക്ക് എംഎൽഎമാരെ കൂറു മാറ്റാനാണു തോമസ് ശ്രമിച്ചതെന്ന പരാതിയാണു മുഖ്യമന്ത്രിയുടെ മുന്നിലുള്ളതെന്നു വ്യക്തമാക്കപ്പെട്ടിരുന്നില്ല. 

എന്നാൽ, തോമസിന്റെ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങളെല്ലാം ശേഖരിച്ച്, പാർട്ടിയുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചു. ജനാധിപത്യ കേരള കോൺഗ്രസ് എംഎൽഎയായ ആന്റണി രാജുവിന്റെ നിലപാടും നിർണായകമായി. തോമസ് കെ.തോമസിൽനിന്ന് തനിക്കു വാഗ്ദാനം ലഭിച്ചെന്നും അതു നിരാകരിച്ചെന്നും ചർച്ചയുടെ വിശദാംശങ്ങളോടെ അദ്ദേഹം മുഖ്യമന്ത്രിയെ ധരിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി അങ്ങോട്ടു ചോദിച്ചപ്പോൾ പരിഭ്രാന്തനായ കോവൂർ കുഞ്ഞുമോൻ താൻ പ്രലോഭനങ്ങളുടെ പിന്നാലെ പോയിട്ടില്ലെന്നു സ്ഥാപിക്കാനും ശ്രമിച്ചു. 

മുഖ്യമന്ത്രിക്ക് തെറ്റിദ്ധാരണയെന്ന് എൻസിപി യോഗത്തിൽ തോമസും 

തോമസ് കെ.തോമസിനെ മന്ത്രിയാക്കാതിരിക്കുന്നതു മുഖ്യമന്ത്രിക്കു ചില പരാതികൾ ലഭിച്ചതു കൊണ്ടാണെന്ന് എൻസിപി സംസ്ഥാന നേതൃയോഗത്തിലും ചർച്ച. കഴിഞ്ഞ 19ന് കൊച്ചിയിൽ നടന്ന നേതൃയോഗത്തിൽ മുഖ്യമന്ത്രി ചില ബുദ്ധിമുട്ടുകൾ പറഞ്ഞിട്ടുണ്ടെന്നു സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ വ്യക്തമാക്കി. പാർട്ടി തീരുമാനം വൈകിയാണെങ്കിലും മുഖ്യമന്ത്രി അംഗീകരിക്കുമെന്ന വിശ്വാസവും പ്രകടിപ്പിച്ചു. 

തുടർന്നു സംസാരിച്ച തോമസ് കെ.തോമസും ഇക്കാര്യം ശരിവച്ചാണു സംസാരിച്ചത്. ആന്റണി രാജുവിന്റെയും കോവൂർ കുഞ്ഞുമോന്റെയും പേരുകളും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. ഇവരുമായി മുഖ്യമന്ത്രി എന്തോ സംസാരിച്ചെന്നും അദ്ദേഹത്തിന് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെന്നുമാണ് തോമസ് പറഞ്ഞത്. പരാതിയുടെ ഉള്ളടക്കം പരാമർശിച്ചില്ല. 

English Summary:

Sharad Pawar already knew about Chief Minister's disagreement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com