എഡിഎമ്മിന്റെ മരണം: ജാമ്യഹർജിയിൽ വിധി നാളെ, ദിവ്യയ്ക്കു മുന്നിൽ ഇനിയെന്ത്?
Mail This Article
കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻകൂർജാമ്യ ഹർജിയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. ദിവ്യയ്ക്കു ജാമ്യം ലഭിക്കുമോ? ജാമ്യം നിഷേധിച്ചാൽ ഉടൻ അറസ്റ്റുണ്ടാകുമോ? ജാമ്യം ലഭിച്ചാൽ ഒളിവുജീവിതം അവസാനിപ്പിച്ചു പുറത്തുവരുമോ?... വിധി വരാനിരിക്കെ ഒട്ടേറെ ചോദ്യങ്ങളാണുയരുന്നത്.
ജാമ്യം നിഷേധിച്ചാൽ
∙ ഹൈക്കോടതിയിൽ ജാമ്യഹർജി നൽകാം. വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നൽകാം.
∙ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചാൽ ഉടൻ പൊലീസിന് അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്താൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. കോടതി നിർദേശപ്രകാരം ജയിലിലേക്ക് അയയ്ക്കും. എന്നാൽ, അറസ്റ്റിനു മുൻപ് ദിവ്യയ്ക്കു മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങുകയുമാകാം.
ജാമ്യം അനുവദിച്ചാൽ
∙ അറസ്റ്റ് നീങ്ങിക്കിട്ടും.
∙ കോടതി പറയുന്ന ജാമ്യവ്യവസ്ഥകൾ പാലിക്കണം.
ദിവ്യ ഒളിവിൽത്തന്നെ
ജാമ്യഹർജിയിൽ വിധി വരുന്നതുവരെ ദിവ്യ ഒളിവിൽ തുടരാനാണു സാധ്യത. വിധി കാത്തിരിക്കാൻ നിർദേശമുള്ളതിനാലാണ് ഇത്ര ദിവസമായിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തത്. ജാമ്യം നിഷേധിക്കപ്പെട്ടാലും അറസ്റ്റ് ചെയ്യാതെ, ദിവ്യയ്ക്കു മജിസ്ട്രേട്ടിനു മുന്നിൽ കീഴടങ്ങാൻ പൊലീസ് അവസരമൊരുക്കാനാണു സാധ്യത.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇന്നലെ ആരുടെയും മൊഴിയെടുത്തിട്ടില്ല. ശനിയാഴ്ച കലക്ടറേറ്റ് ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു. മൊഴിയെടുപ്പ് ഇന്നു തുടരും.
എഡിഎമ്മിന്റെ ചുമതല: നിർദേശങ്ങൾ ഇന്ന് സർക്കാരിന് കൈമാറും
കലക്ടറേറ്റുകളിലെ അഡീഷനൽ ജില്ലാ മജിസ്ട്രേട്ടുമാരായി (എഡിഎം) ചുമതല വഹിക്കുന്നവർ ഉൾപ്പെടെയുള്ള ഡപ്യൂട്ടി കലക്ടർമാരുടെ ചുമതലകൾ വ്യക്തമാക്കിയും അവരുടെ ഫയൽ നീക്കങ്ങളെക്കുറിച്ചും പൊതുവായ നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിനു സമർപ്പിക്കും. എക്സ്പ്ലോസീവ് പരിധിയിൽ വരുന്നവ അടക്കം അപേക്ഷകൾ കൈകാര്യം ചെയ്യാനും ഇവയിൽ അനുമതിയും റിപ്പോർട്ടും നൽകാനും സമയബന്ധിതമായ സംവിധാനം വേണമെന്നതും നിർദേശത്തിന്റെ ഭാഗമായിരിക്കും. കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത സമർപ്പിച്ച റിപ്പോർട്ടു മന്ത്രിക്കും സർക്കാരിനും കൈമാറുന്നതിന് മുന്നോടിയായിട്ടാണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശകൾ ഉൾപ്പെടുത്തുക
ഇത് അടക്കമുള്ള റിപ്പോർട്ട് ഇന്നു റവന്യു മന്ത്രിക്ക് കൈമാറിയേക്കും. ചേലക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മന്ത്രി തൃശൂരിലായതിനാൽ ഓൺലൈനായാണ് കൈമാറുക.
ജോയിന്റ് കമ്മിഷണർ 25ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കു കൈമാറിയ അന്വേഷണ റിപ്പോർട്ടിൽ നിർദേശങ്ങളോ ശുപാർശകളോ ഉണ്ടായിരുന്നില്ല. പെട്രോൾ പമ്പിന് അനുമതി നൽകാൻ കണ്ണൂർ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിനും നിയമംലംഘിച്ചതിനും തെളിവുകളില്ലെന്നാണ് റിപ്പോർട്ട്. അനുമതി നൽകുന്നതിനു പാരിതോഷികം വാങ്ങാനായി ഫയൽ വൈകിപ്പിക്കുന്നതു പോലുള്ള ഒരു പ്രവൃത്തിയും നവീൻ ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.