പുതുലോകം തുറന്ന് കൊച്ചി ബിനാലെ പവിലിയൻ ഹോർത്തൂസിൽ
Mail This Article
കോഴിക്കോട് ∙ കലയുടെ ബിനാലെ അനുഭവം ആദ്യമായി കോഴിക്കോടിനു സമ്മാനിച്ച് കൊച്ചി ബിനാലെ പവിലിയൻ കടപ്പുറത്തു തുറന്നു. മലയാള മനോരമയുടെ കലാസാഹിത്യോത്സവമായ ഹോർത്തൂസിന്റെ ഭാഗമായി ആരംഭിച്ച ബിനാലെ പവിലിയൻ മേയർ ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നവംബർ 10 വരെ സന്ദർശകർക്കു ബിനാലെ പ്രദർശനം കാണാം.
വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിൽ കോഴിക്കോട്ട് സർക്കാർ ഒരുക്കുന്ന സാംസ്കാരിക കേന്ദ്രത്തിന്റെ നിർമാണം 95 ശതമാനവും പൂർത്തിയായെന്നു മന്ത്രി പറഞ്ഞു. ഹോർത്തൂസ് പോലുള്ള കലാസാഹിത്യോത്സവങ്ങൾക്ക് വേദി കൂടിയായി മാറുംവിധത്തിലാണു സാംസ്കാരിക കേന്ദ്രത്തിന്റെ നിർമാണം.
മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു, മേയ്ത്ര ഹോസ്പിറ്റൽ സിഇഒ നിഹാജ് ജി. മുഹമ്മദ്, കൊച്ചി–മുസിരിസ് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
ചിത്രങ്ങളും ഫോട്ടോകളും വിഡിയോകളും കലാവിന്യാസങ്ങളും ഉൾപ്പെടെ 44 കലാകാരന്മാരുടെ മുന്നൂറിലേറെ കലാസൃഷ്ടികളാണു ബിനാലെ പവിലിയനിലുള്ളത്. ബോസ് കൃഷ്ണമാചാരി സീനോഗ്രഫി ചെയ്ത് പി.എസ്.ജലജയും എസ്.എൻ.സുജിത്തും ചേർന്ന് ക്യുറേറ്റ് ചെയ്തതാണു പവിലിയൻ.
മനോരമ ‘കാലത്തിനൊരു സാക്ഷി’ പ്രദർശനം
കോഴിക്കോട് ∙ മലയാള മനോരമയുടെ 1888 മുതലുള്ള ചരിത്രം പത്രത്താളുകളിലൂടെ വിവരിക്കുന്ന ‘കാലത്തിനൊരു സാക്ഷി’ പ്രദർശനവും കടപ്പുറത്തെ ഹോർത്തൂസ് വേദിയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 1891 നവംബർ 25 മുതൽ 27 വരെ കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ അധ്യക്ഷതയിൽ കോട്ടയത്തു സംഘടിപ്പിച്ച ആദ്യ മലയാള സാഹിത്യോത്സവം, 131 വർഷം മുൻപു കോഴിക്കോട് ടൗൺ ഹാളിൽ നടന്ന ഭാഷാപോഷിണി സഭാ സമ്മേളനം തുടങ്ങിയ ചരിത്ര മുഹൂർത്തങ്ങളും ചരിത്രപ്രധാനമായ വിശേഷ ദിവസങ്ങളിലെ മനോരമ പത്രവും പ്രദർശനത്തിലുണ്ട്.
മേയർ ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. ഹോർത്തൂസ് ഡയറക്ടർ എൻ.എസ്.മാധവൻ, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു, എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ, മേയ്ത്ര ഹോസ്പിറ്റൽ സിഇഒ നിഹാജ് ജി.മുഹമ്മദ് എന്നിവരും പങ്കെടുത്തു.