പി.പി.ദിവ്യയുടെ മുൻകൂർജാമ്യ ഹർജിയിൽ വിധി ഇന്ന്
Mail This Article
കണ്ണൂർ ∙ എഡിഎം കെ.നവീൻബാബുവിന്റെ മരണത്തെത്തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻകൂർജാമ്യ ഹർജിയിൽ കേരളം കാത്തിരിക്കുന്ന കോടതിവിധി ഇന്ന്.
വാദം പൂർത്തിയായ ജാമ്യഹർജികളിൽ കോടതി തുടങ്ങിയ ഉടൻ വിധി പറയുകയാണ് പതിവെന്നതിനാൽ രാവിലെ 11നു തന്നെ വിധി വരുമെന്നാണ് കരുതുന്നത്.ജാമ്യം നിഷേധിച്ചാൽ ദിവ്യ മുൻകൂർജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും. അല്ലെങ്കിൽ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങും. അങ്ങനെയൊരു സാധ്യത മുന്നിൽക്കണ്ട് മജിസ്ട്രേട്ട് കോടതിയിൽ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ജാമ്യം ലഭിച്ച് അറസ്റ്റ് ഒഴിവാകുന്നത് ദിവ്യയ്ക്കും സിപിഎമ്മിനും ആശ്വാസം പകരും.
ദിവ്യയ്ക്കുവേണ്ടി അഭിഭാഷകൻ കെ.വിശ്വനും പ്രോസിക്യൂഷനു വേണ്ടി കെ.അജിത്കുമാറും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കു വേണ്ടി ജോൺ എസ്.റാൽഫുമാണ് കോടതിയിൽ ഹാജരായത്. അതിനിടെ നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പു തുടരുകയാണ്. ഇന്നലെ കലക്ടറേറ്റിലെ ജീവനക്കാരിൽനിന്ന് മൊഴിയെടുത്തു.