ADVERTISEMENT

തിരുവനന്തപുരം∙ മലയാളത്തിലെ ഓരോ സിനിമയ്ക്കും പ്രദർശനാനുമതി നൽകുന്നതിനു മുൻപ് ഒരു സ്ത്രീ പോലും ചിത്രീകരണത്തിനിടെ ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടില്ലെന്നു സർക്കാർ ഉറപ്പാക്കണമെന്ന് വിമൻ ഇൻ സിനിമ കലക്ടീവിന്റെ (ഡബ്ല്യുസിസി) നിർദേശം. പുതിയ സിനിമാനയത്തിന് രൂപം നൽകാനായി നിയോഗിച്ച ഷാജി എൻ.കരുൺ സമിതിയുടെ സിറ്റിങ്ങിലാണ് ഡബ്ല്യുസിസി അംഗങ്ങൾ ഇൗ നിർദേശം മുന്നോട്ടു വച്ചത്. 

  ഇതടക്കം ഒട്ടേറെ നിർദേശങ്ങൾ 31 പേജുകളടങ്ങിയ രേഖയിൽ ഡബ്ല്യുസിസി സമിതിക്കു സമർപ്പിച്ചു. അനൂകൂല പ്രതികരണമാണു സമിതി അംഗങ്ങളിൽനിന്നു ലഭിച്ചതെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ പറഞ്ഞു. സംവിധായിക അഞ്ജലി മേനോൻ, എഡിറ്റർ ബീന പോൾ, നടിമാരായ സജിത മഠത്തിൽ, ജോളി ചിറയത്ത്, സംഗീത ജനചന്ദ്രൻ, രഞ്ജിനി എന്നിവരും പങ്കെടുത്തു.

മുഖ്യ നിർദേശങ്ങൾ

∙ സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമം, ചൂഷണം, തെറ്റായ പെരുമാറ്റം എന്നിവ സിനിമാ മേഖലയിൽ വ്യാപകമാണ്. ഏജന്റുമാരും സംഘടനകളും നിയമവിരുദ്ധമായി പണപ്പിരിവു നടത്തുന്നു. പക്ഷപാതിത്വം, വിലക്കേർപ്പെടുത്തൽ, മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും ഉപയോഗം എന്നിവ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളാണ്. ഇവ ഒഴിവാക്കാൻ സർക്കാർ ഇടപെടണം.

∙ കരാറില്ലാതെയുള്ള ജോലി അനുവദിക്കരുത്. വാഗ്ദാനം ചെയ്യുന്ന പ്രതിഫലം ഉറപ്പാക്കണം. 

∙ ഓരോ സിനിമാ നിർമാണക്കമ്പനിക്കും  തിരിച്ചറിയൽ നമ്പറും മേൽവിലാസവും വേണം. നിർമാതാവ്, സംവിധായകൻ ഉൾപ്പെടെ എല്ലാവർക്കും തിരിച്ചറിയൽ കാർഡും ഇൻഷുറൻസും നിർബന്ധമാക്കണം.

∙ സിനിമയുടെ ബജറ്റിന്റെ 20 മുതൽ 50% വരെ നായക, പുരുഷ താരങ്ങളുടെ പ്രതിഫലത്തിനായാണു ചെലവിടുന്നത്. ഇതിന് പരിധി നിർണയിക്കണം. 

∙ സിനിമാ മേഖലയെ നിയന്ത്രിക്കുന്നതിനു നിയമം കൊണ്ടുവരണം. ഈ രംഗത്തെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ പ്രത്യേക കമ്മിഷനും ട്രൈബ്യൂണലും സ്ഥാപിക്കണം.

English Summary:

Government should ensure women are not sexually assaulted during film shoot: WCC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com