തദ്ദേശ തിരഞ്ഞെടുപ്പ്: പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നടപ്പാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വിശദീകരണ പത്രിക തേടി
Mail This Article
കൊച്ചി∙ തദ്ദേശ തിരഞ്ഞെടുപ്പിൽ പിന്നാക്ക വിഭാഗങ്ങൾക്കു സംവരണം നടപ്പാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണ പത്രിക തേടി. ഭരണഘടനാ അനുച്ഛേദം 243 ഡി (6) അനുശാസിക്കുന്ന പ്രകാരം സംസ്ഥാന സർക്കാർ പിന്നാക്ക വിഭാഗ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശി ഗാർഗ്യൻ സുധീരൻ നൽകിയ ഹർജിയാണു ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് പരിഗണിച്ചത്.
സംസ്ഥാനത്ത് 79 പിന്നാക്ക സമുദായങ്ങൾ ഉണ്ട്. ജനസംഖ്യയിൽ ഭൂരിപക്ഷം ഇവരാണ്. എന്നാൽ പിന്നാക്ക വിഭാഗങ്ങൾക്കായി സീറ്റ് സംവരണം ചെയ്യാൻ സർക്കാർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
പിന്നാക്ക വിഭാഗങ്ങൾക്കു സീറ്റ് സംവരണം ഏർപ്പെടുത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ വനിതകൾക്കും എസ്‌സി\എസ്ടി വിഭാഗക്കാർക്കും സംവരണം നടപ്പാക്കിയിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങൾക്കു സംവരണം അനുവദിക്കാത്തതു വിവേചനവും തുല്യനീതിയുടെ ലംഘനവുമാണ്. സർക്കാർ ഈ വിഷയത്തിൽ എത്രയും വേഗം ഉത്തരവു നൽകണമെന്ന് ആവശ്യപ്പെട്ടാണു ഹർജി.