ADVERTISEMENT

തൃശൂർ ∙ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് ബിജെപിക്കു വേണ്ടി എത്തിച്ച കുഴൽപണം തന്നെയെന്ന് ബിജെപിയുടെ അന്നത്തെ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ്. എന്നാൽ, സാമ്പത്തിക തിരിമറിക്കു പുറത്താക്കിയ ആളാണു സതീഷെന്നും ഇപ്പോഴത്തെ വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പു ലക്ഷ്യം വച്ചാണെന്ന് ആർക്കും മനസ്സിലാകുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ. 

തിരഞ്ഞെടുപ്പ് ഫണ്ട് ചാക്കിൽ കെട്ടി പാർട്ടിയുടെ ജില്ലാ ഓഫിസിൽ ഏപ്രിൽ 2ന് രാത്രി 11ന് എത്തിച്ചുവെന്നും തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ എന്നാണ് പറഞ്ഞതെന്നുമാണ് സതീഷ് ഇന്നലെ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. പണം കൊണ്ടുവന്നത് ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറിന്റെ അറിവോടെയാണെന്നും കൂടുതൽ വെളിപ്പെടുത്തലുകൾ ഉടൻ ഉണ്ടാകുമെന്നുമാണ് സതീഷ് പറഞ്ഞത്. 

എത്ര രൂപയാണ് ഉണ്ടായിരുന്നത് എന്നറിയില്ല. പണം കൊണ്ടുവന്നത് പാർട്ടി അനുഭാവിയും വ്യാപാരിയുമായ ധർമരാജനാണ്. ധർമരാജന് മുറി എടുത്തു കൊടുക്കാൻ നിർദേശമുണ്ടായിരുന്നു. സാധാരണയായി ആർക്കെങ്കിലും മുറി എടുത്തു കൊടുക്കേണ്ടതുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ തനിക്ക് നേതാക്കൾ തരാറുണ്ട്. എന്നാൽ, അന്നത്തെ ദിവസം അത് ഉണ്ടായില്ല. ചാക്കുകൾ ഓഫിസിലേക്കു കയറ്റാനും മറ്റും താൻ സഹായിച്ചിരുന്നു.

ഓഫിസിൽ ജനറൽ സെക്രട്ടറിമാർ ഇരിക്കുന്ന മുറിയിലാണ് പണം വച്ചിരുന്നത്. അതിനു കാവലിരിക്കലായിരുന്നു പ്രധാനപണി. പണമാണെന്ന് അറിഞ്ഞപ്പോൾ പേടി തോന്നി. പിന്നീട് മുറി പൂട്ടിയാണു പണം സൂക്ഷിച്ചത്. പണം അവിടെ നിന്നു കൊണ്ടുപോകുന്നതിനിടെ കവർച്ച ചെയ്യപ്പെട്ട വിവരം അറിയുന്നത് സംഭവം നടന്നതിനു പിറ്റേന്നാണ്. അന്ന് ഓഫിസ് സെക്രട്ടറി ആയിരുന്നതിനാൽ പൊലീസിന് ഇത്തരത്തിൽ മൊഴി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

വെളിപ്പെടുത്തൽ വാർത്തയായതിനു പിന്നാലെ പത്രസമ്മേളനം വിളിച്ച കെ.കെ.അനീഷ് കുമാർ ആരോപണങ്ങൾ നിഷേധിച്ചു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിനു പുറത്താക്കിയ ആളാണ് സതീഷ് എന്നും ആരോപിച്ചു. ഏത് അന്വേഷണവും നേരിടാൻ തയാറാണ്. പണം കിട്ടിയാൽ എന്തും ചെയ്യുന്ന സതീഷീനെ സിപിഎം വിലയ്ക്കെടുത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പു സാമഗ്രികളുമായി ധർമരാജൻ എത്തിയതു നിഷേധിക്കുന്നില്ല. ധർമരാജൻ ചെയ്തതിനെല്ലാം ബിജെപി ഉത്തരവാദി ആകുന്നില്ല. എന്നാൽ, ശമ്പളം കൂട്ടി ചോദിച്ചത് കിട്ടാതെ വന്നപ്പോൾ‌ ഒന്നര വർഷം മുൻപ് അവധി വാങ്ങി, ജപ്തി ഭീഷണിയിലുള്ള വീട് വിൽപനയ്ക്കുള്ള ശ്രമങ്ങളിലാണ് താനെന്നും ആരും പുറത്താക്കിയിട്ടില്ലെന്നും ബിജെപിയിൽ അംഗത്വം പുതുക്കിയിട്ടുണ്ടെന്നും സതീഷ് പിന്നീട് വിശദീകരിച്ചു. 

കൊടകര കുഴൽപണ കേസ് ഇനിയെങ്കിലും പൊലീസ് ഗൗരവമായി അന്വേഷിക്കണമെന്ന് ലോക്സഭാ ഇടതുപക്ഷ സ്ഥാനാർഥിയായിരുന്ന വി.എസ്.സുനിൽകുമാർ ആവശ്യപ്പെട്ടു. 

കുഴൽപ്പണക്കേസ്: കവർന്നത് മൂന്നരക്കോടി

നിയമസഭാ തിരഞ്ഞെടുപ്പിന് 3 നാൾ മുൻപ്, 2021 ഏപ്രിൽ നാലിന് പുലർച്ചെ 4.40ന് ആണ് കൊടകരയിൽ വ്യാജ അപകടം സൃഷ്ടിച്ച് കാർ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവർന്നത്. ഇത് ബിജെപിയുടെ പണമായിരുന്നെന്നും മൂന്നരക്കോടി രൂപ ഇതിൽ ഉണ്ടായിരുന്നെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. 

തിരഞ്ഞെടുപ്പിനായി കർണാടകയിൽ നിന്നു കടത്തിയ പണം ആലപ്പുഴ ബിജെപി ജില്ലാ ട്രഷറർക്കു നൽകാൻ കൊണ്ടുപോയതാണെന്നും ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ കാണിച്ചിരുന്നു. 23 പേരെ അറസ്റ്റ് ചെയ്തു. ബിജെപി നേതാക്കൾ ഉൾപ്പെടെ 19 പേർ സാക്ഷികളാണ്. കവർന്നതിൽ 1.4 കോടി എവിടെയെന്നു കണ്ടെത്താൻ സാധിച്ചില്ല.

English Summary:

Kodakara Hawala money case: Money was arranged for BJP says ex-office secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com