ADVERTISEMENT

തിരുവനന്തപുരം∙ സിനിമ മേഖലയിലെ സ്ത്രീകൾ നേരിട്ട ദുരനുഭവങ്ങൾ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് വീണ്ടും സംസ്ഥാന വിവരാവകാശ കമ്മിഷനിൽ. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് നൽകിയപ്പോൾ 5 പേജുകളും 11 ഖണ്ഡികകളും തങ്ങളെ അറിയിക്കാതെ ഒഴിവാക്കിയെന്ന, മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള ഒരു കൂട്ടം അപേക്ഷകരുടെ അപ്പീൽ ലഭിച്ചതോടെയാണു നടപടി. തുടർന്നാണ് ഇതു പരിശോധിക്കാൻ വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീം സാംസ്കാരിക വകുപ്പിനോടു റിപ്പോർട്ട് ആവശ്യപ്പെട്ടതും സാംസ്കാരിക വകുപ്പ് നൽകാൻ നിർബന്ധിതമായതും. 

 അപേക്ഷകരെ അറിയിക്കാതെ റിപ്പോർട്ടിലെ 97 മുതൽ 107 വരെയുള്ള ഖണ്ഡികകളും 49 മുതൽ 53 വരെയുള്ള പേജുകളും ഒഴിവാക്കിയത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നു ബുധനാഴ്ചത്തെ ഹിയറിങ്ങിൽ സാംസ്കാരിക വകുപ്പിലെ വിവരാവകാശ ഉദ്യോഗസ്ഥരായ സുഭാഷിണി തങ്കച്ചി,ജോയിന്റ് സെക്രട്ടറി ആർ.സന്തോഷ് എന്നിവർ കമ്മിഷനെ ബോധിപ്പിച്ചു. ഇക്കാര്യത്തിൽ അപേക്ഷകരോടു മാപ്പു പറയാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും കമ്മിഷൻ അംഗീകരിച്ചില്ല. ഉദ്യോഗസ്ഥരുടെ നടപടി സർക്കാരിന്റെ പ്രതിഛായ മോശമാക്കിയെന്നും രാജ്യവ്യാപകമായി ചർച്ച ചെയ്യേണ്ട റിപ്പോർട്ടിനെ അനാവശ്യ വിവാദങ്ങളിലേക്കു തള്ളിവിട്ടെന്നും കമ്മിഷൻ വിമർശിച്ചു. തുടർന്നാണ് റിപ്പോർട്ട് ഉടൻ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. വൈകിട്ടോടെ മുദ്രവച്ച കവറിൽ സിഡിയും പെൻഡ്രൈവുകളും അടങ്ങിയ റിപ്പോർട്ട് കമ്മിഷനിൽ ഉദ്യോഗസ്ഥർ എത്തിച്ചു.

295 പേജുള്ള റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കി ബാക്കിയുള്ളവ നൽകാനാണ് ജൂലൈ 5ന് വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടത്. വ്യക്തിഗത വിവരങ്ങളായ 33 ഖണ്ഡികകൾ കമ്മിഷൻ നേരിട്ട് ഒഴിവാക്കി. സ്വകാര്യതയെ ബാധിക്കുന്ന മറ്റു വിവരങ്ങൾ ഒഴിവാക്കാൻ സാംസ്കാരിക വകുപ്പിന്റെ വിവരാവകാശ ഓഫിസർക്കു വിവേചനാധികാരം നൽകിയെങ്കിലും ഏതാണെന്ന് അപേക്ഷകരെ മുൻകൂട്ടി അറിയിക്കാൻ ആവശ്യപ്പെട്ടു.   ഇതിന്റെ അടിസ്ഥാനത്തിൽ 101 ഖണ്ഡികകൾ കൂടി വിവരാവകാശ ഓഫിസർ ഒഴിവാക്കി. ഒഴിവാക്കിയ പേജുകളും ഖണ്ഡികകളും പട്ടിക തിരിച്ച് അപേക്ഷകർക്കു നൽകി. ഈ പട്ടികയിൽ ഇല്ലാതിരുന്നവയും പിന്നീട് ഒഴിവാക്കിയതാണ് ഇപ്പോഴത്തെ പരാതിക്ക് ആധാരം.

English Summary:

Hema Committee Report Submitted Again to State Information Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com