ADVERTISEMENT

കൊച്ചി ∙ നിയമപ്രകാരമുള്ള വിവാഹമല്ലെങ്കിൽ പങ്കാളിയെ ഭർത്താവായി കണക്കാക്കാനാകില്ലെന്നു ഹൈക്കോടതി. ആ സാഹചര്യത്തിൽ ഇന്ത്യൻ ശിക്ഷാനിയമം 498 എ പ്രകാരമുള്ള ഗാർഹിക പീഡനക്കുറ്റം സ്ത്രീയുടെ പങ്കാളിക്കെതിരെയോ പങ്കാളിയുടെ ബന്ധുക്കൾക്കെതിരെയോ ബാധകമാകില്ലെന്നു ജസ്റ്റിസ് എ.ബദറുദ്ദീൻ വ്യക്തമാക്കി. 

ഐപിസി പ്രകാരമുള്ള ഗാർഹിക പീഡനക്കുറ്റം ആരോപിച്ചു തനിക്കെതിരെ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തുടർ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം സ്വദേശി നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്.

പരാതിക്കാരിയും താനും തമ്മിലുള്ള വിവാഹം അസാധുവാണെന്നു കുടുംബക്കോടതി ഉത്തരവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. താനും പരാതിക്കാരിയും നിയമപ്രകാരം വിവാഹിതരായിട്ടില്ല. അതിനാൽ ഭർത്താവ് എന്ന് പറയാനാവില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. മറ്റൊരാളുമായിട്ടുള്ള ആദ്യ വിവാഹം നിലനിൽക്കെയാണു പരാതിക്കാരിയുമായി 2009ൽ വിവാഹം. എന്നാൽ യുവതി ആദ്യ വിവാഹബന്ധം വേർപെടുത്താത്ത സാഹചര്യത്തിൽ രണ്ടാം വിവാഹത്തിന് നിയമസാധുതയില്ലെന്ന് 2013ൽ കുടുംബക്കോടതി വിധിച്ചു. ഒരുമിച്ചു ജീവിച്ച കാലഘട്ടത്തിൽ ഹർജിക്കാരൻ ക്രൂരത കാട്ടിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാൽ ഭർത്താവോ ഭർതൃബന്ധുക്കളോ ഉപദ്രവിക്കുന്നതാണു ഐപിസി 498എ അനുസരിച്ചു ബാധകമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. കേസിലെ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി.

English Summary:

High Court: Non-Legal Marriages Cannot Be Recognized as Spousal Relationships

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com