മുഖ്യമന്ത്രിയുടെ ഗൺമാന്റെ നേതൃത്വത്തിൽ മർദനം: പൊലീസ് റിപ്പോർട്ടിനെതിരെയുള്ള ഹർജിയിൽ വാദം ഇന്ന്
Mail This Article
ആലപ്പുഴ∙ നവകേരള സദസ്സുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ ഗൺമാന്റെ നേതൃത്വത്തിൽ മർദിച്ചെന്ന പരാതി തള്ളണമെന്ന പൊലീസ് റിപ്പോർട്ടിനെതിരെ വാദിഭാഗം സമർപ്പിച്ച ഹർജിയിൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) ഇന്നു വാദം കേൾക്കും.
പൊലീസിന്റെ റഫർ റിപ്പോർട്ട് തള്ളി കൂടുതൽ അന്വേഷണം നടത്തണമെന്നാണു പരാതിക്കാരുടെ ആവശ്യം. മർദനത്തിന്റെ തെളിവുകൾ പരാതിക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നു. തുടർന്നാണു കഴിഞ്ഞ മാസം ഇവരുടെ ഹർജി കോടതി സ്വീകരിച്ചത്.
കഴിഞ്ഞ ഡിസംബർ 15ന് നവകേരള ബസിനു സമീപം പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസിനെയും കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനെയും അകമ്പടി വാഹനത്തിലുണ്ടായിരുന്ന ഗൺമാൻ അനിൽകുമാറും സുരക്ഷാ ജീവനക്കാരൻ സന്ദീപും ചേർന്നു മർദിച്ചെന്നാണു കേസ്.
എന്നാൽ, മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കിയതാണെന്നും പരാതി തള്ളണമെന്നുമാണ് പരാതി അന്വേഷിച്ച ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയത്. സംഭവത്തിൽ തുടക്കം മുതൽ പൊലീസ് നിലപാട് വിമർശിക്കപ്പെട്ടിരുന്നു.