ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖനിർമാണത്തിനു കേന്ദ്ര സർക്കാർ നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ദീർഘകാല ലാഭത്തിൽ നിന്നു തിരിച്ചടയ്ക്കണമെന്നു കേന്ദ്ര സർക്കാർ. അടിസ്ഥാനസൗകര്യ വികസനത്തിൽ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി ലാഭകരമാകാത്ത പദ്ധതികൾക്കു പ്രഖ്യാപിച്ച ധനസഹായമായ വിജിഎഫ് കേരളത്തിനു മാത്രം വായ്പയായി മാറ്റിയാണ് കേന്ദ്ര സർക്കാർ തിരിച്ചടയ്ക്കാൻ നിർദേശം നൽകിയത്. തൂത്തുക്കുടി തുറമുഖത്തിന് സമാനമായി കേന്ദ്രം വിജിഎഫ് പ്രഖ്യാപിച്ചത് ധനസഹായമായാണ്. വായ്പാ വ്യവസ്ഥ ഒഴിവാക്കി ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിക്കു കത്തയച്ചു

വിജിഎഫിന് തത്വത്തിൽ അംഗീകാരം ലഭിച്ച ആദ്യത്തെ തുറമുഖ പദ്ധതിയാണ് വിഴിഞ്ഞം. 817.80 കോടി രൂപയാണ് വിജിഎഫ് ആയി കേന്ദ്രം അനുവദിക്കേണ്ടത്. ഇപ്പോൾ മുടക്കുന്ന തുകയ്ക്ക് ഭാവിയിൽ തുറമുഖം ലാഭത്തിലെത്തുമ്പോഴേക്കുള്ള മൂല്യത്തിന് അനുസരിച്ചുള്ള തിരിച്ചടവ് (നെറ്റ് പ്രസന്റ് വാല്യു) വ്യവസ്ഥയാണ് കേന്ദ്രം മുന്നോട്ടു വയ്ക്കുന്നത്. 

ഇപ്പോഴത്തെ കണക്കുകൂട്ടലിൽ തിരിച്ചടവ് ഏകദേശം 10,000– 12,000 കോടി രൂപയാകുമെന്നു മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു. വലിയ തുക പദ്ധതിക്കായി മുടക്കുകയും വർഷങ്ങൾക്കു ശേഷം മാത്രം വരുമാനം ലഭിച്ചു തുടങ്ങുകയും ചെയ്യുന്ന വ്യവസ്ഥയിലാണ് നിലവിൽ സംസ്ഥാന സർക്കാർ വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി ചെലവഴിക്കുന്നത്. വിജിഎഫ് തിരിച്ചടയ്ക്കേണ്ടി വന്നാൽ സംസ്ഥാനത്തിനു സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും കത്തിൽ പറയുന്നു.

കേന്ദ്രത്തിന്റേത് ചതി, വിവേചനം: മന്ത്രി വാസവൻ

കോട്ടയം ∙ വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ വയബിലിറ്റി ഗ്യാപ് ഫണ്ട് സംസ്ഥാന സർക്കാർ തിരിച്ചടയ്ക്കണമെന്ന കേന്ദ്ര നിബന്ധന സംസ്ഥാനത്തോടുള്ള ചതിയും വിവേചനവുമാണെന്ന് മന്ത്രി വി.എൻ.വാസവൻ. പദ്ധതിയുടെ അവസാനവട്ട ട്രയൽ റൺ പുരോഗമിക്കുകയാണ്. പദ്ധതിക്കാവശ്യമായ 8867 കോടി രൂപയിൽ 5595 കോടി രൂപ സംസ്ഥാന സർക്കാരാണ് ചെലവഴിക്കുന്നത്. ഇതിൽ 2159 കോടി രൂപ ചെലവഴിച്ചു. കേന്ദ്ര ഫണ്ട് ഒരു രൂപ പോലും ലഭിച്ചതുമില്ല. വിജിഎഫ് ലഭ്യമാക്കുന്നതിനുള്ള കരാർ ഉണ്ടാക്കുന്നത് കേന്ദ്രസർക്കാരും അദാനി കമ്പനിയും തുക നൽകുന്ന ബാങ്കും തമ്മിലാണ്. എന്നാൽ തിരിച്ചടയ്ക്കാനുള്ള കരാർ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ വേണമെന്നതു വിചിത്രമായ നിബന്ധനയാണെന്നും മന്ത്രി പറഞ്ഞു.

English Summary:

Centre Converts Vizhinjam Port VGF to Loan, Kerala Faces Hefty Repayment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com