ADVERTISEMENT

കോലഞ്ചേരി ∙ ശ്രേഷ്ഠ പിതാവിന് തറവാടു വീടിനു സമീപം ചെറുവിള്ളിൽ കുടുംബാംഗങ്ങളുടെ വികാര നിർഭരമായ യാത്രയയപ്പ്. പുത്തൻകുരിശ് പൊലീസ് സ്റ്റേഷനു തൊട്ടടുത്ത് ദേശീയപാതയ്ക്ക് അരികിൽ തയാറാക്കിയ പന്തലിൽ കത്തിച്ച മെഴുകുതിരികളുമായി കുടുംബാംഗങ്ങളും നാട്ടുകാരും ബാവായുടെ ഭൗതിക ദേഹം വണങ്ങി. വൈകിട്ട് ഇവിടെ പ്രാർഥനയ്ക്ക് ശേഷം കാത്തു നിന്നവരുടെ അടുത്തേക്ക് രാത്രി 7.45ന് പാത്രിയർക്കാ സെന്ററിലേക്കുള്ള അവസാന യാത്രയിൽ ബാവാ എത്തുമ്പോൾ പരിസരം ദുഃഖസാന്ദ്രമായിരുന്നു.

ബാവായുടെ സഹോദരങ്ങളാരും  ജീവിച്ചിരിപ്പില്ലെങ്കിലും അവരുടെ മക്കളിൽ മിക്കവരും ഇവിടെ എത്തിയിരുന്നു. സഹോദര പുത്രൻ രാജു സി. ഏബ്രഹാം കോറെപ്പിസ്കോപ്പ ഇന്നലെ വൈകിട്ടാണ് യുകെയിൽ നിന്ന് സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ എത്തിയത്. 

തറവാട്ടിൽ താമസിക്കുന്ന സഹോദര പുത്രൻ മോഹനൻ, രാജൻ, ബിനു, ജോയി, ബേബി, ജയിംസ്, ബെന്നി, സി.കെ. സാജു ചെറുവിള്ളിൽ കോറെപ്പിസ്കോപ്പ, ഫാ. ജോർജ് ചേന്നോത്ത് തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. 4 സഹോദരന്മാരും 3 സഹോദരിമാരുമാണ് ബാവായ്ക്കുണ്ടായിരുന്നത്.

ശ്രേഷ്ഠ ബാവായുടെ നിര്യാണത്തിൽ അനുശോചനം 

കൊച്ചി∙ യാക്കോബായ സുറിയാനി സഭയുടെ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലുള്ളവർ അനുശോചിച്ചു. കേരളത്തിലെ സഭാധ്യക്ഷൻമാരിൽ കാരണവർ സ്ഥാനം അലങ്കരിച്ച വ്യക്തിയായിരുന്നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. 

തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ വിയോഗത്തിലൂടെ കോതമംഗലം രൂപതയ്ക്കു നല്ല അയൽക്കാരനെ നഷ്ടമായെന്നു ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുസ്മരിച്ചു. മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് അനുശോചിച്ചു. പ്രതിസന്ധിഘട്ടത്തിൽ സഭയെ ധീരമായി നയിച്ച നാഥനായിരുന്നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായെന്ന് മുൻ മന്ത്രി പി.പി.തങ്കച്ചൻ അനുസ്മരിച്ചു.

ശ്രേഷ്ഠ ബാവായുടെ വേർപാട് സഭയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണെന്നു ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. കൗൺസിൽ ഫോർ കമ്യൂണിറ്റി കോഓപ്പറേഷനും (സിസിസി) അനുശോചിച്ചു. സമൂഹനന്മയ്ക്കും ദൈവ മഹത്വത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമാണ് ഈ വലിയ ഇടയന്റേതെന്ന് സിസിസി ഭാരവാഹികളായ ഗൾഫാർ പി. മുഹമ്മദലി, ഫാ. ആന്റണി വടക്കേക്കര എന്നിവർ പറഞ്ഞു.

ബിഷപ്പുമാരായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മാർ തോമസ് ചക്യത്ത്, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, കേരള കോൺഗ്രസ് (ജേക്കബ്) ലീഡർ അനൂപ് ജേക്കബ് എംഎൽഎ, എംപിമാരായ ഡീൻ കുര്യാക്കോസ്, ബെന്നി ബഹനാൻ, എംഎൽഎമാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി തുടങ്ങിയവർ  കോതമംഗലത്ത്  ആദരാഞ്ജലിയർപ്പിച്ചു.

ആദരമർപ്പിച്ച് മാർ ആലഞ്ചേരി

കോലഞ്ചേരി ∙ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മന്ത്രി പി. രാജീവ്, ചീഫ് വിപ്പ് എൻ. ജയരാജ്, പി.വി. ശ്രീനിജിൻ എംഎൽഎ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അധ്യക്ഷൻ ജസ്റ്റിസ് സി.കെ. അബ്ദുൽ റഹിം തുടങ്ങിയവർ ബാവായ്ക്ക് അന്തിമോപചാരം അർപ്പിച്ചു.

കാപ്പിക്കു ലഭിക്കുന്ന ഭക്ഷണം പോലും ഞങ്ങൾക്ക് കരുതിയ ഇടയൻ: സിസ്റ്റർ മരിയ 

‘കുർബാന ചൊല്ലിക്കഴിഞ്ഞു പള്ളിയിൽ നിന്നു ലഭിക്കുന്ന ഭക്ഷണം എത്തിച്ചു നൽകി ഞങ്ങളെ കരുതിയിട്ടുണ്ട്. പള്ളികളിൽ പോകുമ്പോൾ ലഭിക്കുന്ന ഭക്ഷണ സാധനങ്ങൾ ഞങ്ങൾക്കു തരുമായിരുന്നു. ഏറെ ഇല്ലായ്മയുടെ നാളുകളിൽ തരുന്ന ഭക്ഷണം ഏറെ സഹായമായിരുന്നു. മാതാപിതാക്കളെ വിട്ട് സന്യാസത്തിനെത്തിയ ഞങ്ങൾ ഏറെ തകർന്ന അവസരങ്ങളിൽ ശ്രേഷ്ഠ ബാവായുടെ കരുതൽ ഏറെ ആശ്വാസം പകർന്നിട്ടുണ്ടെന്നു സെന്റ് മേരീസ് സന്യാസി സമൂഹത്തിലെ സിസ്റ്റർ മരിയ ഓർമിക്കുന്നു. സഭയിൽ സന്യാസിനി സമൂഹം ആരംഭിച്ചതു ശ്രേഷ്ഠ ബാവായുടെ നേതൃത്വത്തിലാണ്. 1975ൽ പുത്തൻകുരിശിൽ 4 പേർ മാത്രമായി ആരംഭിച്ച സന്യാസി സമൂഹത്തിന് ഇന്ന് ഒട്ടേറെ ശാഖകളുണ്ട്.

ബേബി മൂന്ന് പതിറ്റാണ്ട് ബാവായുടെ സാരഥി

കോതമംഗലം∙ മോനേ എന്ന വിളി ഇനിയില്ല. പാവങ്ങളുടെ ആശ്രയമായിരുന്നു ബാവാ. മെത്രാപ്പൊലീത്ത ആയപ്പോൾ മുതൽ 3 പതിറ്റാണ്ടോളം ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ സാരഥിയായിരുന്ന തേക്കാനത്ത് ബേബി മത്തായി സങ്കടത്തോടെ ഓർക്കുന്നു. 

കേരളത്തിലങ്ങോളമിങ്ങോളം ബാവായുടെ സഞ്ചാരത്തിൽ ഡ്രൈവർ ബേബിയായിരുന്നു. തോമസ് മാർ ദിവന്നാസിയോസ് മെത്രാപ്പൊലീത്ത ആയിരുന്നപ്പോൾ 1985ലാണു നാടുകാണി കുമ്പളത്തുമുറി സ്വദേശിയായ ബേബി സാരഥിയായെത്തിയത്. 2002ൽ ശ്രേഷ്ഠ കാതോലിക്കാ ബാവാ ആയപ്പോഴും തുടർന്നു. അസുഖമായതോടെ 2014ലാണു ജോലിയിൽ നിന്നു പിരിഞ്ഞത്. യാത്രയ്ക്കിടയിലും മറ്റും മോനേ എന്നാണു ബേബിയെ വിളിച്ചിരുന്നത്. സ്ഥലം വാങ്ങി വീട് വയ്ക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമെല്ലാം ബേബിയുടെ കുടുംബത്തെ ബാവാ കയ്യയച്ചു സഹായിച്ചിരുന്നു. ജോലിയിൽ നിന്നു പിരിഞ്ഞിട്ടും ഇടയ്ക്കിടെ കാണുമ്പോഴെല്ലാം സഹായം നൽകി. 8 മാസം മുൻപ് അവസാനമായി കണ്ടപ്പോഴും കുടുംബത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചു. പാവങ്ങളോടു ബാവായ്ക്ക് എപ്പോഴും കരുതലുണ്ടായിരുന്നെന്നു ബേബി പറ‍ഞ്ഞു. കാണാൻ വരുന്നവരൊന്നും നിരാശരായി മടങ്ങിയിട്ടില്ല. അവരുടെ ആവലാതികൾ കേട്ടു പരിഹാര നിർദേശത്തിനു സമയം ചെലവിടും. ആവശ്യമായ സഹായവും നൽകും. പല ദിവസങ്ങളിലും അഞ്ഞൂറിലധികം കിലോമീറ്റർ ബാവാ സഞ്ചരിച്ചിരുന്നു.

തിരക്കേറിയ യാത്രയ്ക്കിടയിൽ ഭക്ഷണവും പ്രാർഥനയുമെല്ലാം കാറിൽ തന്നെ. ജോലിയിൽ നിന്നു പിരിഞ്ഞിട്ടു 10 വർഷമായെങ്കിലും ബാവായുമായുള്ള ബേബിയുടെ ആത്മബന്ധത്തിനു കുറവില്ല. ഭൗതിക ശരീരം ഇന്നലെ ചെറിയപള്ളിയിലെത്തിച്ചപ്പോൾ മുതൽ നിറകണ്ണുകളുമായി ബേബി പരിസരത്തുണ്ടായിരുന്നു. വലിയപള്ളിയിലേക്കു കൊണ്ടുപോയപ്പോഴും അനുഗമിച്ചു. ഇന്നു പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലും ബേബിയുണ്ടാകും.

English Summary:

Cheruvil Family Bids Tearful Goodbye to Beloved Patriarch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com