ADVERTISEMENT

തിരുവനന്തപുരം / കൊച്ചി / തൃശൂർ ∙ ബിജെപിയുടെ പങ്ക് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൊടകര കുഴൽപണക്കേസിൽ തുടരന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് ബിജെപിക്കു വേണ്ടി എത്തിച്ച കുഴൽപണമാണെന്നു പാർട്ടിയുടെ അന്നത്തെ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ് ആണ് വെളിപ്പെടുത്തിയത്. 

സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് അന്വേഷണം തീരുമാനിച്ചത്. കേസ് മുൻപ് അന്വേഷിച്ച പ്രത്യേക സംഘം കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതിനാൽ കോടതിയുടെ അനുമതി തേടിയ ശേഷമാകും തുടരന്വേഷണം. 

പുതിയ വെളിപ്പെടുത്തലുകൾ പരിശോധിക്കാൻ തിരൂർ സതീഷിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും. എഡിജിപി മനോജ് ഏബ്രഹാം അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. തിരൂർ സതീഷിന്റെ മൊഴി കേസ് മുൻപ് അന്വേഷിച്ച പ്രത്യേക സംഘത്തിനു നേതൃത്വം വഹിച്ച തൃശൂർ അസിസ്റ്റന്റ് കമ്മിഷണർ വി.കെ. രാജു രേഖപ്പെടുത്തും. 

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം (എംഎൽസി) ലഹർ സിങ്ങിന്റെ നേതൃത്വത്തിൽ 41.40 കോടി രൂപയുടെ കള്ളപ്പണം നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കേരളത്തിലേക്കു കടത്തിയെന്ന പൊലീസ് അന്വേഷണ റിപ്പോർട്ടിലെ വിശദാംശങ്ങളും ഇതോടെ ചർച്ചയായി. തൃശൂർ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ വി.കെ.രാജു ആദായനികുതി വകുപ്പിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കൈമാറിയ റിപ്പോർട്ടിൽ ബിജെപി നേതാക്കളുടെ പങ്ക് സംബന്ധിച്ച വിശദവിവരങ്ങളുണ്ട്. 

കവർന്നത് മൂന്നരക്കോടി

നിയമസഭാ തിരഞ്ഞെടുപ്പിന് 3 നാൾ മുൻപ്, 2021 ഏപ്രിൽ നാലിന് പുലർച്ചെ 4.40ന് ആണ് കൊടകരയിൽ വ്യാജ അപകടം സൃഷ്ടിച്ച് കാർ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവർന്നത്. കർണാടകയിൽ നിന്നു കടത്തിയ പണം ആലപ്പുഴ ബിജെപി ജില്ലാ ട്രഷറർക്കു നൽകാൻ കൊണ്ടുപോയതാണെന്നും ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ കാണിച്ചിരുന്നു. 23 പേരെ അറസ്റ്റ് ചെയ്തു.

English Summary:

The government has decided to conduct a further investigation into the Kodakara hawala case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com