യുവാവിന്റെ മരണം: പൊലീസിന് എതിരെ വകുപ്പുതല അന്വേഷണം
Mail This Article
പനമരം (വയനാട്) ∙ പോക്സോ കേസിൽപെടുത്തുമെന്ന് പൊലീസ് ഭീഷണി മുഴക്കിയതിന്റെ മനോവിഷമത്തിൽ അഞ്ചുകുന്ന് മാങ്കാനി ഊരിലെ ആദിവാസി യുവാവ് രതിൻ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ കുടുംബം. പെൺകുട്ടിയുമായി സൗഹൃദം പുലർത്തിയതിനാണു പൊലീസ് ഭീഷണിപ്പെടുത്തിയതെന്നു ബന്ധു പറഞ്ഞു. പൊതുസ്ഥലത്തു ശല്യമുണ്ടാക്കിയെന്ന കേസാണ് എടുത്തതെങ്കിലും പോക്സോ ആക്കുമെന്നു പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണു ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണവും ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇന്നു മുഖ്യമന്ത്രിക്കു കുടുംബം പരാതി നൽകും. രതിന്റെ മൃതദേഹം ഇന്നലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും താക്കീതു നൽകുക മാത്രമാണ് ഉണ്ടായതെന്നും കമ്പളക്കാട് പൊലീസ് പറയുന്നു. പോക്സോ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും കുടുംബത്തിനു നഷ്ടപരിഹാരം നൽകണമെന്നും ആദിവാസി സംഘടനകൾ ആവശ്യപ്പെട്ടു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.