ADVERTISEMENT

ചാരുംമൂട് (ആലപ്പുഴ)∙ ആഡംബര ജീവിതം മൂലമുണ്ടായ കടം തീർക്കാൻ സിനിമാക്കഥകളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ആഭരണക്കവർച്ച നടത്തിയ സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിലായി. വയോധികയെ കാറിൽ കയറ്റിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന ശേഷം ആളൊഴിഞ്ഞ റോഡിൽ തള്ളിയ കേസിലാണ് അടൂർ മൂന്നാളം സൻജിത്ത് ഭവനിൽ സൻജിത്ത് എസ്.നായർ (44) പിടിയിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 76 വയസ്സുള്ള ആറ്റുവ സ്വദേശിനിയാണ് അക്രമത്തിനിരയായത്. 

 4ന് രാവിലെ 11.30ന് മാവേലിക്കര– പന്തളം റോഡിൽ ഇടപ്പോൺ ആറ്റുവ എ.വി മുക്കിൽ ബസ് കാത്തിരിക്കുകയായിരുന്നു വയോധികയെ പന്തളത്ത് ഇറക്കാമെന്നു പറഞ്ഞ് സഞ്ജിത്ത് കാറിൽ കയറ്റി. യാത്രയ്ക്കിടെ മുളകു സ്പ്രേ അടിച്ച് 3 പവന്റെ മാലയും ഒരു പവന്റെ വളയും കൈക്കലാക്കിയ ശേഷം വയോധികയെ റോഡിൽ തള്ളി.  ആഡംബര ജീവിതത്തിനായി പലരിൽ നിന്നു‌ വാങ്ങിയ കടങ്ങൾ വീട്ടുന്നതിനും വാഹനത്തിന്റെ ലോൺ കുടിശിക അടയ്ക്കാനുമാണ് കവർച്ച നടത്തിയതെന്നു സൻജിത്ത് പൊലീസിനോട് സമ്മതിച്ചു.  

അതിവേഗം വലവിരിച്ച് പൊലീസ്

വയോധികയുടെ ആഭരണം കവർന്നതായി പരാതി ലഭിച്ച നൂറനാട് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സിസിടിവി ക്യാമറയിലും പൊലീസ് ക്യാമറയിലും പതിഞ്ഞ ദൃശ്യങ്ങളിൽനിന്നു കാർ തിരിച്ചറിഞ്ഞാണ് പൊലീസ് സൻജിത്തിന്റെ വീട്ടിലെത്തിയത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും വയോധിക സൻജിത്തിനെ തിരിച്ചറിഞ്ഞു. തുടർന്നാണ് കുറ്റമേറ്റത്. മാലയും വളയും പൊലീസ് സൻജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. എസ്ഐമാരായ കെ.സുഭാഷ് ബാബു, ടി.ആർ.ഗോപാലകൃഷ്ണൻ, ബി.രാജേന്ദ്രൻ, എ.എസ്.ഐ ജെ.അജിതകുമാരി, സീനിയർ സിവിൽ പൊലീസ് ഓഫ‌ിസർമാരായ എൻ.കെ.ഷാനവാസ്, ടി.മനുകുമാർ, എച്ച്.സിജു, എസ്.ശരത് ചന്ദ്രൻ, വിഷ്ണു വിജയൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

English Summary:

Software Engineer Arrested for Jewelry Theft to Pay Debts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com