നവീൻ ബാബുവിന്റെ മരണം: അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കുടുംബം
Mail This Article
തലശ്ശേരി ∙ പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് എഡിഎം കെ.നവീൻ ബാബുവിന്റെ കുടുംബം. കൈക്കൂലി ആരോപിച്ച് പ്രശാന്ത് നൽകിയെന്നു പറയുന്ന പരാതിയിലെ വൈരുധ്യമോ പ്രശാന്തിന്റെ സാമ്പത്തിക സ്രോതസ്സോ അന്വേഷിച്ചിട്ടില്ല. കലക്ടറുടെയും ദിവ്യയുടെയും പ്രശാന്തിന്റെയും ഫോൺരേഖകൾ ശേഖരിച്ചിട്ടില്ല. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും എഡിഎം കൈക്കൂലി വാങ്ങിയെന്നു വരുത്തിത്തീർക്കാൻ പറ്റുന്ന തരത്തിലാണു മൊഴിയെടുപ്പു നടത്തുന്നത് – നവീന്റെ കുടുംബത്തിന്റെ അഭിഭാഷകൻ ജോൺ എസ്.റാൽഫ് കോടതിയിൽ പറഞ്ഞു. ഇതിനിടെ, അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തിയതിനെ പ്രതിരോധിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ ശ്രമിച്ചു.
എഡിഎമ്മിനെതിരായ കലക്ടറുടെ മൊഴി ചൂണ്ടിക്കാട്ടിയ ദിവ്യയുടെ അഭിഭാഷകന് കലക്ടറുടെ തന്നെ മൊഴികളിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോൺ എസ്.റാൽഫ് മറുപടി നൽകിയത്. എഡിഎം നിരാക്ഷേപപത്രം വൈകിപ്പിക്കുന്നെന്ന് ദിവ്യ പറഞ്ഞതായി കലക്ടറുടെ മൊഴിയിലുണ്ട്. 14ന് രാവിലെ നടന്നൊരു പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു ഇത്. രേഖാമൂലം പരാതി ലഭിച്ചോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നും അപേക്ഷകനോടു ചോദിക്കട്ടെ എന്നുമാണ് ദിവ്യ പറഞ്ഞതെന്ന് കലക്ടറുടെ മൊഴിയിൽ പറയുന്നു. പ്രശാന്തിന്റെ മൊഴിയും ദിവ്യയുടെ വാദവും ഇതിനു വിരുദ്ധമായിരുന്നു.
9ന് ദിവ്യയോട് കൈക്കൂലിക്കാര്യം പറഞ്ഞെന്നും ദിവ്യയുടെ നിർദേശപ്രകാരം 10നു മുഖ്യമന്ത്രിക്കു പരാതി നൽകിയെന്നുമാണ് പ്രശാന്തിന്റെ മൊഴിയിലുള്ളത്. കൈക്കൂലിക്കാര്യം 9നു തന്നെ ദിവ്യയ്ക്ക് അറിയാമായിരുന്നെങ്കിൽ 14ന് കലക്ടറുമായുള്ള സംസാരത്തിൽ അക്കാര്യം വരേണ്ടതായിരുന്നെന്നു ജോൺ എസ്.റാൽഫ് ചൂണ്ടിക്കാട്ടി.
കൈക്കൂലി ആരോപണം ആവർത്തിച്ച് ഉറപ്പിക്കാൻ ശ്രമം
തലശ്ശേരി ∙ എഡിഎം കെ.നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന വാദം ആവർത്തിച്ച് ഉറപ്പിക്കാനാണ് പി.പി.ദിവ്യയുടെ അഭിഭാഷകൻ കെ.വിശ്വൻ ഇന്നലെ ശ്രമിച്ചത്. ‘ഒക്ടോബർ 5ന് സഹകരണബാങ്കിൽ സ്വർണം പണയപ്പെടുത്തി പ്രശാന്ത് ഒരുലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്. 6നു 11.10ന് എഡിഎം പ്രശാന്തിന്റെ ഫോണിലേക്ക് വിളിച്ച് 23 സെക്കൻഡ് സംസാരിച്ചിരുന്നു. ഉച്ചയ്ക്ക് 12.42ന് പ്രശാന്ത് തിരിച്ചുവിളിക്കുമ്പോൾ ഇരുവരും പള്ളിക്കുന്നിൽ ഒരേ മൊബൈൽ ടവർ പരിധിയിലുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഇതു വ്യക്തമാണ്. പ്രശാന്ത് കൈക്കൂലി കൊടുത്തിട്ടില്ലെന്നു തെളിയിക്കാൻ പൊലീസിനു കഴിഞ്ഞില്ല’ – വിശ്വൻ ചൂണ്ടിക്കാട്ടി.
പബ്ലിക് പ്രോസിക്യൂട്ടർ
ഫോൺരേഖകളും സിസിടിവി ദൃശ്യങ്ങളും കൈക്കൂലി നൽകിയതിനുള്ള തെളിവല്ല. വായ്പയെടുക്കുന്നത് കൈക്കൂലി നൽകാനാണെന്നു പറയാനാകില്ല. ദിവ്യയുടെ പ്രസംഗം എഡിഎമ്മിന് മാനസികപ്രയാസത്തിനു കാരണമായിട്ടുണ്ടെന്ന് ഡപ്യൂട്ടി കലക്ടർ കെ.വി.ശ്രുതിയുടെ മൊഴിയിലും പറയുന്നുണ്ട്. എഡിഎം ഫയൽ താമസിപ്പിച്ചിട്ടില്ലെന്ന് രേഖകളിൽനിന്നു വ്യക്തമാണ്.
അഡ്വ. ജോൺ എസ്.റാൽഫ്
കലക്ടറുടെ മൊഴി ചൂണ്ടിക്കാട്ടി എഡിഎം കുറ്റസമ്മതം നടത്തിയെന്നു വാദിക്കുന്നതു ശരിയല്ല. ‘വിശ്വസിച്ച് ഏതു കാര്യവും ഏൽപിക്കാൻ കഴിയുന്ന സഹപ്രവർത്തകൻ’ എന്നാണ് നവീന്റെ കുടുംബത്തിനു നൽകിയ കത്തിൽ കലക്ടർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അവധിയെടുക്കാനോ ശനി, ഞായർ ദിവസങ്ങളിൽ നാട്ടിൽ പോകാനോ അനുവദിക്കാതെ ദ്രോഹിക്കുന്ന ആളായിരുന്നു കലക്ടർ. ഗൂഢാലോചനയിൽ കലക്ടർ പങ്കാളിയാണ്. കൈക്കൂലി നൽകാൻ ഒരുലക്ഷം രൂപ വായ്പയെടുത്തെന്ന് അവകാശപ്പെടുന്ന സംരംഭകൻ, ആ തുക പൂർണമായി എഡിഎമ്മിനു കൊടുത്തെന്നു പറയുന്നില്ല.