ADVERTISEMENT

വൈക്കം ∙ തന്നോടു കാട്ടിയ അവഗണനയിൽ മനംനൊന്താണ് ഇരട്ടക്കൊല നടത്തിയതെന്നു പ്രതിയുടെ മൊഴി. ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ കേസിലാണു പ്രതി നിധീഷിന്റെ വെളിപ്പെടുത്തൽ. മറവൻതുരുത്ത് കടൂക്കര ജംക്‌ഷനു സമീപം ശിവപ്രസാദം വീട്ടിൽ ഗീത (58), മകൾ ശിവപ്രിയ (30) എന്നിവരെയാണു ശിവപ്രിയയുടെ ഭർത്താവ് ഉദയനാപുരം നേരേകടവ് പുളിന്തറ വീട്ടിൽ നിധീഷ് (40) തിങ്കളാഴ്ച കൊലപ്പെടുത്തിയത്.

തന്റെ വീട്ടിലേക്കു ഭാര്യ ശിവപ്രിയ വരാത്തത് അമ്മ ഗീത കാരണമാണെന്നും അതിനാലാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും നിധീഷ് പൊലീസിനോടു പറഞ്ഞു. ശിവപ്രിയയുടെ സഹോദരൻ ശിവപ്രസാദ് ഒന്നര വർഷം മുൻപു വിദേശത്തുനിന്നു നാട്ടിൽ അവധിക്കെത്തിയ സമയം ബൈക്കപകടത്തിൽ മരിച്ചിരുന്നു. തുടർന്നു ഗീത മറവൻതുരുത്തിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. വീണു പരുക്കേറ്റ ഗീതയെ പരിചരിക്കാനായി ഒരു വർഷം മുൻപു ശിവപ്രിയ സ്വന്തം വീട്ടിലേക്കു താമസം മാറ്റി. പിന്നീടു നേരേകടവിലെ നിധീഷിന്റെ വീട്ടിലേക്കു മടങ്ങിയില്ല.

ഒരു മാസം മുൻപു ശിവപ്രിയയ്ക്കു വൈക്കത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ചു. ഇതോടെ ഭാര്യവീട്ടിൽ നിന്നു മതിയായ പരിഗണന ലഭിക്കാതെയായെന്നും ഈ വിരോധമാണു കൊലയ്ക്കു പിന്നിലെന്നും നിധീഷ് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഇവർക്കു 4 വയസ്സ് പ്രായമുള്ള ഒരു മകളുണ്ട്. 

ഗീതയുടെയും ശിവപ്രിയയുടെയും സംസ്കാരം ഇന്ന് 9നു ചോറ്റാനിക്കര എരുവേലി പൊതുശ്മശാനത്തിൽ നടത്തും.നിധീഷിനെ കോടതി റിമാൻഡ് ചെയ്തു. നിധീഷിന്റെയും ശിവപ്രിയയുടെയും ആറാം വിവാഹവാർഷികം 11നാണ്. അന്നു തന്നെയാണു മകളുടെ പിറന്നാളും.

ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തിയ നിധീഷിന്റെ ഉദയനാപുരം നേരേകടവ് പുളിന്തറ വീടിനു മുന്നിൽ കെട്ടിയിരിക്കുന്ന ഫ്ലെക്സ്. നിധീഷിന്റെയും ശിവപ്രിയയുടെയും വിവാഹവാർഷിക ആഘോഷങ്ങൾക്കു കെട്ടിയ ഫ്ലെക്സാണിത്.
ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തിയ നിധീഷിന്റെ ഉദയനാപുരം നേരേകടവ് പുളിന്തറ വീടിനു മുന്നിൽ കെട്ടിയിരിക്കുന്ന ഫ്ലെക്സ്. നിധീഷിന്റെയും ശിവപ്രിയയുടെയും വിവാഹവാർഷിക ആഘോഷങ്ങൾക്കു കെട്ടിയ ഫ്ലെക്സാണിത്.

അമ്മായിയമ്മയെ കൊന്നത് ഉച്ചയ്ക്ക്; ഭാര്യയെ വൈകിട്ട്

∙ ഭാര്യാമാതാവിനെ ശ്വാസം മുട്ടിച്ചും ഭാര്യയെ കുത്തിയുമാണു നിധീഷ് കൊലപ്പെടുത്തിയതെന്നു പൊലീസ്. തിങ്കളാഴ്ച രാത്രി ഏഴേകാലോടെയാണു സംഭവം പുറത്തറിഞ്ഞത്. 

പൊലീസ് പറയുന്നത്: തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ നിധീഷ് മദ്യപിച്ച് മറവൻതുരുത്തിലെ വീട്ടിലെത്തി. ഗീതയും നിധീഷും തമ്മിൽ വാക്കുതർക്കമുണ്ടായി. മൂന്നോടെ ഗീതയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. പിന്നീടു നിധീഷ് ഉദയനാപുരത്തെ സ്കൂളിലെത്തി മകളെയും കൂട്ടി വല്ലകത്തെ ബന്ധുവീട്ടിലേക്കു പോയി.  ബന്ധുവിനെയും മകളെയും കൂട്ടി ഓട്ടോയിൽ നേരേകടവിലെ വീട്ടിലെത്തിയ ശേഷം അതേ ഓട്ടോയിൽ നിധീഷ് ഒറ്റയ്ക്കു മറവൻതുരുത്തിലെ വീട്ടിൽ തിരിച്ചെത്തി.

വൈകിട്ട് ആറോടെ ശിവപ്രിയ ജോലി കഴിഞ്ഞു വീട്ടിലെത്തി. കയ്യിൽ കരുതിയ കത്തിയുമായി ശിവപ്രിയയെ നിധീഷ് പല തവണ കുത്തി. പിടിവലിയിൽ നിധീഷിനും പരുക്കേറ്റു. തുടർന്ന് ഇവിടെ നിന്നു വേഷം മാറിയെങ്കിലും അതിലും ചോര പറ്റിയിരുന്നു. ശിവപ്രിയയുടെ സ്കൂട്ടറുമായി നേരേകടവിലെ വീട്ടിലെത്തിയ നിധീഷിന്റെ ഷർട്ടിൽ ചോര കണ്ട് ബന്ധു കാര്യം തിരക്കിയപ്പോഴാണു കൊലപാതകവിവരം പറയുന്നത്. പിന്നീടു ബന്ധുക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

English Summary:

Statement of accused in vaikom double murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com